പിജി - നീറ്റ് പരീക്ഷ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി
വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടെ നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കൗണ്‍സിലിങ് വൈകിയതിനാല്‍ പഠനത്തിന് സമയം ലഭിച്ചില്ലെന്നും പരീക്ഷ മാറ്റിവെക്കണമെന്നുമായിരുന്നു മെഡിക്കല്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ ആവശ്യം. 2021 ലെ നീറ്റ് പിജി പരീക്ഷ അഞ്ച് മാസം വൈകി ആരംഭിച്ചതാണ് പ്രതിസന്ധിക്ക് കാരണം. പരീക്ഷ വൈകിയതിനെ തുടര്‍ന്ന് കൗണ്‍സിലിങ് ആരംഭിച്ചത് ഒക്ടോബറിലാണ്. എന്നാല്‍ സംവരണവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നതിനാല്‍ കൗണ്‍സിലിങ് താല്‍ക്കാലികമായി സുപ്രീം കോടതി നിര്‍ത്തിവെച്ചു. പിന്നീട് ജനുവരിയിലാണ് കൗണ്‍സിലിങ് പുനരാരംഭിക്കാനായത്. മേയ് ഏഴിനാണ് കൗണ്‍സിലിങ് പൂര്‍ത്തിയായത് അതുകൊണ്ട് പരീക്ഷക്കുള്ള പഠനത്തിനായി ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നായിരുന്നു വിദ്യാര്‍ഥികളുടെ പരാതി.
