നോയിഡയിലെ ആഡംബര ഫ്ലാറ്റിൽ പൊലീസ് റെയ്ഡ്; എംഡിഎംഎ കേസിൽ രണ്ട് പേർ കൂടി പിടിയിൽ
പന്തീരാങ്കാവ് ഒരു കിലോ എംഡിഎംഎ കേസിന്റെ തുടരന്വേഷണം; 5000ത്തിലധികം സിപ് ലോക്ക് കവറുകളും പാക്കിങ് ഉപകരണങ്ങളും കണ്ടെത്തിയതായി പൊലീസ്
കോഴിക്കോട് പന്തീരാങ്കാവിൽ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിയെയും ഡൽഹിയിൽനിന്ന് പൊലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി പി. സൂര്യ (23) എന്നിവരെയാണ് അന്വേഷണ സംഘം നോയിഡയിലെ ആഡംബര ഫ്ലാറ്റിൽനിന്ന് പിടികൂടിയത്.
മേയ് 9ന് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ട കാറിൽനിന്നാണ് ഒരു കിലോ എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് അർഷലാൽ (25), ആദിൽഷാ (20), മുഹമ്മദ് ഫർഹാൻ (22) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ ലഹരി മരുന്ന് ഡൽഹിയിൽനിന്നാണ് കേരളത്തിലെത്തിക്കുന്നതെന്ന് വിവരം ലഭിച്ചതായാണ് പൊലീസ് പറയുന്നത്. തുടർന്ന് ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോയിഡയിലെ ഫ്ലാറ്റിൽനിന്ന് അജ്മലിനെയും സൂര്യയെയും പിടികൂടിയത്.
ലഹരി മരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ സ്കെയിൽ, പാക്കിങ് മെറ്റീരിയലുകൾ, 5,000ത്തിലധികം സിപ് ലോക്ക് കവറുകൾ, കറൻസി നോട്ട് എണ്ണുന്ന മെഷീൻ, നിരവധി എടിഎം കാർഡുകൾ, പാക്കിങ് സീലർ എന്നിവ ഫ്ലാറ്റിൽനിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലയിൽ കഴിഞ്ഞ മാസം പിടികൂടിയ 13 കിലോ എംഡിഎംഎ ഇവരാണ് കൈമാറിയതെന്നും പൊലീസ് ആരോപിക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് കോടിയിലധികം രൂപയുടെ ഇടപാടുകൾ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. അജ്മലിനെതിരെ മലപ്പുറം ജില്ലയിലും കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.
പന്തീരാങ്കാവ് ഇൻസ്പെക്ടർ എ. നിതിൻ, എസ്.ഐ അർജുൻ അജിത്, ഫറോക്ക് എസിപി സ്ക്വാഡ് അംഗങ്ങളായ സബീഷ്, അഖിൽ ബാബു, ഡാൻസാഫ് അംഗങ്ങളായ അതുൽ, ലതീഷ്, നല്ലളം പൊലീസ് സ്റ്റേഷനിലെ ഷമാന എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)