റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണവില കൂട്ടി; രണ്ട് ഇഡ്ഡലിക്കും ചട്ട്നിക്കും ഇനി ₹25

മസാലദോശയ്ക്ക് ₹30; സുഖിയന് ₹40; പഴംപൊരിക്കും ചായയ്ക്കും വിലമാറ്റമില്ല

Sep 13, 2026 - 11:03
0
റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണവില കൂട്ടി; രണ്ട് ഇഡ്ഡലിക്കും ചട്ട്നിക്കും ഇനി ₹25

കൊച്ചി: റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ സാധനങ്ങളുടെ വില 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചു. സ്റ്റേഷനുകളിൽ വിൽക്കുന്ന 60 ഭക്ഷണ ഇനങ്ങൾക്കാണ് പുതിയ നിരക്ക് ബാധകമാക്കിയത്. വെള്ളിയാഴ്ച മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. 38 പാൻ-ഇന്ത്യ വിഭവങ്ങൾക്കും 22 പ്രാദേശിക വിഭവങ്ങൾക്കുമാണ് വില വർധിപ്പിച്ചിരിക്കുന്നത്. പ്രാതൽ, ഉച്ചഭക്ഷണം, ലഘുഭക്ഷണം തുടങ്ങിയ വിഭാഗങ്ങളിലെ നിരവധി ഇനങ്ങൾക്കും വില ഉയർന്നിട്ടുണ്ട്.

രണ്ട് ഇഡ്ഡലിയും ചട്ട്നിയും ഇനി 20 രൂപയ്ക്ക് ലഭിക്കില്ല; പുതിയ വില 25 രൂപയാണ്. 25 രൂപയായിരുന്ന മസാലദോശയ്ക്ക് ഇനി 30 രൂപ നൽകണം. രണ്ട് സമൂസയ്ക്ക് 30 രൂപയും വെജിറ്റബിൾ സാൻഡ്‌വിച്ചിന് 35 രൂപയും നൽകണം. രണ്ട് വെജിറ്റബിൾ കട്ട്ലറ്റിന്റെ വില 40ൽ നിന്ന് 50 രൂപയായി. റവദോശ 30 രൂപയും റവ ഇഡ്ഡലി 25 രൂപയുമായി. ആലൂ ബോണ്ട 25 രൂപയും സമോസ/ഒണിയൻ പക്കോഡ 30 രൂപയുമായി ഉയർന്നു.

കേരളീയ വിഭവങ്ങളായ പുട്ട്, ഇടിയപ്പം, അപ്പം, സാമ്പാർ വട, ബജ്ജി എന്നിവയ്ക്ക് 30 രൂപയായി. കടലക്കറിയുടെ വില 40ൽ നിന്ന് 45 രൂപയായി. സുഖിയന് 30ൽ നിന്ന് 40 രൂപയായി. ഫ്രൈ പത്തിരി, നെയ്യപ്പം എന്നിവയ്ക്ക് 25 രൂപയാണ് പുതിയ നിരക്ക്. ഫിഷ് കറി മീൽസിന് 95ൽ നിന്ന് 110 രൂപയും ഓംലെറ്റിന് 35ൽ നിന്ന് 45 രൂപയും പുഴുങ്ങിയ മുട്ടയ്ക്ക് 15ൽ നിന്ന് 20 രൂപയുമായി വില വർധിച്ചു.

അതേസമയം ഡിപ്പ് ചായക്കും കാപ്പിക്കും 10 രൂപ എന്ന നിരക്ക് തുടരും. പഴംപൊരിക്ക് 20 രൂപ തന്നെയാണ്. അരിപ്പത്തിരി 15 രൂപയും ഇലയട 25 രൂപയും തുടരും. ചപ്പാത്തി 5 രൂപയ്ക്കും പൊറോട്ട 10 രൂപയ്ക്കും ലഭിക്കും. ചിക്കൻ കറി, ചിക്കൻ ഫ്രൈഡ് റൈസ്, എഗ്ഗ് ഫ്രൈഡ് റൈസ്, വെജ് ഫ്രൈഡ് റൈസ്, ചില്ലി ചിക്കൻ, വെജിറ്റബിൾ നൂഡിൽസ്, സ്റ്റഫ്ഡ് പൊറോട്ട തുടങ്ങിയ എട്ട് പുതിയ വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി, സേലം എന്നീ റെയിൽവേ ഡിവിഷനുകളിലെ സ്റ്റേഷനുകളിലാണ് പുതുക്കിയ നിരക്കുകൾ ബാധകമാകുന്നത്. യാത്രക്കാരുടെ അറിവിലേക്കായി പുതിയ വിലവിവരപ്പട്ടിക കടകളിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും ദക്ഷിണ റെയിൽവേ നിർദ്ദേശിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User