എഐയുടെ വളർച്ച മനുഷ്യരാശിയുടെ അവസാനത്തിലേക്ക്? രണ്ട് വർഷത്തിനുള്ളിൽ അപകടം യാഥാർഥ്യമാകാമെന്ന് മുൻ ഗവേഷകൻ
നിയന്ത്രണാതീതമായ എഐ വികസനത്തിൽ ആശങ്ക; എഐ കമ്പനികൾ തമ്മിലുള്ള മത്സരം അപകടസാധ്യത വർധിപ്പിക്കുന്നുവെന്ന് ജേക്കബ് കോക്സൺ
കലിഫോർണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) വളർച്ചയുടെ ഇപ്പോഴത്തെ വേഗം നിയന്ത്രിക്കാനായില്ലെങ്കിൽ അത് മനുഷ്യരാശിക്ക് തന്നെ വലിയ ഭീഷണിയായി മാറിയേക്കുമെന്ന് മുന്നറിയിപ്പുമായി എഐ കമ്പനിയായ ആൻത്രോപ്പിക്കിലെ മുൻ ഗവേഷകൻ ജേക്കബ് കോക്സൺ. എഐയുടെ നിയന്ത്രണാതീതമായ ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി രാജിവച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബിബിസിയുടെ ‘സൺഡേ വിത്ത് ലോറ ക്യുൻസ്‌ബെർഗ്’ പരിപാടിയിൽ സംസാരിക്കവെയാണ് കോക്സൺ ഗുരുതരമായ മുന്നറിയിപ്പ് നൽകിയത്. എഐ മേഖലയിൽ പ്രവർത്തിക്കുന്ന പലരും സുരക്ഷാ നിയന്ത്രണങ്ങൾ ആവശ്യപ്പെടുന്നത് ഗൗരവമായ ആശങ്കകളുടെ അടിസ്ഥാനത്തിലാണെന്നും, വിവിധ എഐ കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരമാണ് സ്ഥിതിഗതികൾ കൂടുതൽ അപകടകരമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ വേഗതയിൽ എഐയുടെ വികസനം തുടരുകയാണെങ്കിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ താൻ ഭയപ്പെടുന്ന സാഹചര്യം യാഥാർഥ്യമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എഐ ദുരന്തം സംഭവിച്ചാൽ അത് എങ്ങനെയായിരിക്കുമെന്നതാണ് ഉത്തരം നൽകാൻ ഏറ്റവും പ്രയാസമുള്ള ചോദ്യമെന്നും കോക്സൺ പറഞ്ഞു. ആൻത്രോപ്പിക് മേധാവിയും കോക്സന്റെ മുൻ മേധാവിയുമായ ഡാരിയോ അമോഡിയും എഐ വികസനത്തിന്റെ വേഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ആൻത്രോപ്പിക്കിൽ ചേരുന്നതിന് മുമ്പ് ഓപ്പൺഎഐയിൽ പ്രവർത്തിച്ചിരുന്ന 27കാരനായ കോക്സൺ, അമോഡിയുടെ ആശയത്തെ പിന്തുണച്ചെങ്കിലും എഐയുടെ അപകടസാധ്യതകൾ നിയന്ത്രിക്കുന്നതിനുള്ള നീക്കങ്ങൾ ചൈനയുമായും ഏകോപിപ്പിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. സൂപ്പർ കംപ്യൂട്ടറുകളെപ്പോലെ പ്രവർത്തിക്കുകയും ഇന്റർനെറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശേഷിയുള്ള വലിയ തോതിലുള്ള ബോട്ടുകൾ രൂപപ്പെടുകയും ചെയ്യുന്നതാണ് അമോഡി ചൂണ്ടിക്കാട്ടിയ പ്രധാന അപകടസാധ്യതകളിലൊന്ന്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)