എന്താണ് സിപിഎം നേതാക്കൾക്കെതിരായ സ്വപ്നയുടെ ലൈംഗികാരോപണത്തിൽ നടപടിയെടുക്കാത്തത് : പ്രതിപക്ഷ നേതാവ്
സരിത എസ്. നായരില്‍ നിന്നും പരാതി എഴുതി വാങ്ങി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട പിണറായി വിജയന്‍, സിപിഎം നേതാക്കൾക്കെതിരായ ലൈംഗികാരോപണത്തിൽ എന്തുകൊണ്ടാണ് ഇതുവരെ നടപടിയില്ലാത്തതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ ലൈംഗികോദ്ദേശത്തോടെ സമീപിച്ചുവെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണം പുറത്ത് വന്ന് രണ്ട് ദിവസമായിട്ടും സിപിഎം മൗനം പാലിക്കുന്നതും, പൊലീസ് നടപടിയെടുക്കാത്തും ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സരിതയ്ക്ക് ഉണ്ടായിരുന്ന വിശ്വാസ്യത സ്വപ്‌ന സുരേഷിന് ഇല്ലാതാക്കുന്നത് എങ്ങനെയാണ്? അവരെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനുമാണ് സി.പി.എമ്മും എല്‍.ഡി.എഫും ശ്രമിച്ചത്. അന്ന് ചെയ്തതിനൊക്കെ കാലം ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്.
ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചത്. മുഖ്യമന്ത്രിക്കെതിരെ അഴിമിതി ആരോപണവുമുണ്ട്. ഗൗരവതരമായ അന്വേഷണം നടന്നേ മതിയാകൂ എന്നും സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസിനും യുഡിഎഫിനും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. എല്‍ദോസിന്‍റെ കാര്യത്തില്‍ പാര്‍ട്ടി വിശദീകരണം തേടി. മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ടും ജാഗ്രതക്കുറവ് വിലയിരുത്തി നടപടി എടുത്തു. കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന്‍റെ പേരില്‍ നടപടി ഒഴിവാക്കാമായിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ എല്ലാവരും പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
manikantan@mediagraamam.com