മോദിയെ വിമര്‍ശിക്കുമ്പോള്‍ സിപിഎം നേതാക്കള്‍ അസ്വസ്ഥരാകുന്നതെന്തിന് : വി.ഡി. സതീശൻ

മോദിയെ വിമര്‍ശിക്കുമ്പോള്‍ സിപിഎം നേതാക്കള്‍ അസ്വസ്ഥരാകുന്നതെന്തിന്  :  വി.ഡി. സതീശൻ


 ഭാരതത്തെ ഒന്നിപ്പിക്കാന്‍ വേണ്ടിയുള്ള  രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ പ്രതികരണമാണ് ജനാധിപത്യ വിശ്വാസികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഉണ്ടാകുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ .
ഭാരതത്തെ ഒന്നിപ്പിക്കാന്‍ വേണ്ടിയുള്ള ഈ യാത്ര ഐതിഹാസിക വിജയമായി മാറും. ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കില്ലെന്നാണ് സിപിഎം സെക്രട്ടറി ആദ്യം പറഞ്ഞത്. ഇപ്പോള്‍ മാറ്റിപ്പറയുകയാണ്. സിപിഎമ്മിന് എതിരെയല്ല ഭാരത് ജോഡോ യാത്ര നടത്തുന്നത്. ഭാരതത്തെ ഒന്നിപ്പിക്കുകയെന്ന ആശയം മുന്‍നിര്‍ത്തിയാണ് യാത്ര. ഫാസിസത്തെയും വര്‍ഗീയതയെയുമാണ് വിമര്‍ശിക്കുന്നത്. മോദിയെയും ഫാസിസത്തെയും വര്‍ഗീയതയെയും വിമര്‍ശിക്കുമ്പോള്‍ സിപിഎം നേതാക്കള്‍ എന്തിനാണ് അസ്വസ്ഥരാകുന്നത്? പിണറായിയോ സിപിഎമ്മോ ഈ ജാഥയുടെ അജണ്ടയിലില്ല. എകെജി സെന്ററല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയാണ് യാത്രയുടെ റൂട്ട് തീരുമാനിക്കുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ കണ്ടെയ്‌നറില്‍ താമസിക്കുന്നതില്‍ സിപിഎമ്മിന് എന്താണ് പ്രശ്‌നം? സിപിഎം നേതാക്കളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ഭാരത് ജോഡോ യാത്രയെ അഭിവാദ്യം ചെയ്യുന്നത്. അതാണോ ഇവരെ അസ്വസ്ഥരാക്കുന്നതെന്ന് അറിയില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.