സുരേന്ദ്രന്റെ മകന്റെ അനധികൃത നിയമനം; ബിജെപിയിൽ കലാപം ശക്തം; സന്ദീപ് വാര്യർക്കെതിരെ നടപടിക്ക് നീക്കം

സുരേന്ദ്രന്റെ മകന്റെ അനധികൃത നിയമനം; ബിജെപിയിൽ കലാപം ശക്തം;  സന്ദീപ് വാര്യർക്കെതിരെ നടപടിക്ക് നീക്കം

  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകൻ കെ. എസ് ഹരികൃഷ്ണൻ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ അനധികൃത നിയമനം നേടിയതിന്റെ രേഖകൾ മാധ്യമങ്ങൾക്ക് നൽകിയത് സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണെന്ന ആരോപണത്തിന് പിന്നാലെ അദ്ദേഹത്തെ അച്ചടക്ക നടപടിക്ക് വിധേയനാക്കാൻ നീക്കം.അമിത് ഷാ കേരളത്തിലെത്തിയ ദിവസം തന്നെ ഇത്തരമൊരു വാർത്ത പുറത്ത് വന്നതിന് പിന്നിൽ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണെന്ന് ആരോപിക്കുകയാണ് സുരേന്ദ്രൻ വിഭാഗം. കെ. സുരേന്ദ്രന്റെ മകനെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിയമിക്കാൻ വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തിയെന്ന ഗുരുതരമായ വിഷയമാണ് കഴിഞ്ഞ ദിവസം ഉയർന്നുവന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ടെക്നിക്കൽ ഓഫീസറായാണ് കെ.എസ് ഹരികൃഷ്ണനെ വിദ്യാഭ്യാസയോഗ്യതയിൽ മാറ്റം വരുത്തി പിൻവാതിലിലൂടെ നിയമിച്ചത്. കെ.സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കാൻ പാർട്ടിയിൽ ഏറെ കാലമായ് ചരടുവലി നടക്കുകയാണ്. സന്ദീപ് വാര്യർ നേരത്തെ തന്നെ ഇതിനായി നീക്കം ആരംഭിച്ചിരുന്നു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിൽ താത്ക്കാലിക ജോലി ചെയ്യുന്ന വ്യക്തി വഴിയാണ് സന്ദീപ് വാര്യർ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് സുരേന്ദ്രൻ വിഭാഗം പറയുന്നത്. മുമ്പ് ബിജെപി ഓഫീസിൽ ജോലി ചെയ്തിരുന്ന ഈ വ്യക്തി നിലവിൽ രാജീവ് ഗാന്ധി സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയാണ്. ഈ ജോലി സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി പാർട്ടി നേതൃത്വത്തെ ഇദ്ദേഹം ബന്ധപ്പെട്ടിരുന്നു. എന്നാൽ അത് സാധിക്കാതെ വന്നതിലുള്ള അമർഷമാണ് സന്ദീപ് വാര്യർ വഴി ഇത്തരമൊരു നീക്കം നടത്താൻ കാരണമായതെന്നും സുരേന്ദ്രൻ അനുകൂലികൾ പറയുന്നു. നിയമനം സംബന്ധിച്ച വിവരങ്ങളെല്ലാം മാധ്യമങ്ങൾക്ക് നൽകിയത് സന്ദീപ് വാര്യരാണെന്ന നിലപാടിലാണ് സുരേന്ദ്രൻ വിഭാഗം. ഈ സാഹചര്യത്തിൽ സുരേന്ദ്രനോട് ഇടഞ്ഞു നിൽക്കുന്ന സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്തു നിന്ന് മാറ്റാനുള്ള ശ്രമമാണ് ഔദ്യോഗിക വിഭാഗം നടത്തുന്നത്. നാല് ജില്ലാ പ്രസിഡന്റുമാർ ഇതിനകം വാര്യർക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. ഗൾഫിൽ നിന്നുൾപ്പെടെ അനധികൃത പണപ്പിരിവ് വാര്യരുടെ നേതൃത്വത്തിൽ നടത്തിയെന്നാണ് പരാതിയിലെ ആക്ഷേപം. എന്നാൽ സംസ്ഥാന പ്രസിഡന്റായതു മുതൽ ഏകാധിപത്യ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന കെ. സുരേന്ദ്രനെതിരെയുള്ള ആയുധമായി നിയമന വിവാദം ഉപയോഗപ്പെടുത്താനാണ് പാർട്ടിയിലെ വിമത പക്ഷത്തിന്റെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയും 
കുഴൽപണ കേസും ഉൾപ്പെടെ ആയുധമായ് കെ. സുരേന്ദ്രനെതിരെ പലതവണ പ്രയോഗിച്ചെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. കെ. സുരേന്ദ്രനെ നീക്കണണമെന്ന ഇവരുടെ കാലങ്ങളായുള്ള ആവശ്യം ചെവിക്കൊള്ളാതെ പാർട്ടി സംസ്ഥാന ഘടകത്തിലെ പുനസംഘടനയിൽ സുരേന്ദ്രന് താത്പര്യമുള്ളവരെ മാത്രം പുതുതായി ഭാരവാഹികളാക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് തോൽവി പഠിച്ച ബിജെപി സമിതി റിപ്പോർട്ടിലും കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമർശനമുണ്ടായെങ്കിലും അതൊന്നും കേന്ദ്ര നേതൃത്വത്തെ സ്വാധീനിക്കാൻ പര്യാപ്തമായിരുന്നില്ല. അമിത് ഷാ എത്തിയ ദിവസം തന്നെ ഇത്തരമൊരു വാർത്ത പുറത്ത് വന്നത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണ്. സുരേന്ദ്രൻ ഉൾപ്പെടെ സംസ്ഥാന നേതാക്കൾക്ക് ജനസമ്മതി കുറഞ്ഞെന്ന ആഭ്യന്തര സർവേയിലെ കണ്ടെത്തലും എതിർപക്ഷം പുറത്ത് വിട്ടിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം പാർട്ടിയിൽ പരസ്യ കലാപം ശക്തമാകുകയാണ്.