ബി.ജെ.പി x ബി.ജെ.പി; പോര് കൊഴുക്കുന്നു

ബി.ജെ.പി x ബി.ജെ.പി; പോര് കൊഴുക്കുന്നു

രാജ്യസഭാ ഇലക്ഷനില്‍ മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ മാസ്റ്റര്‍ സ്‌ട്രോക്കിനു ശേഷം ആരംഭിച്ചതാണ് കര്‍ണാടകയിലെ ബി.ജെ.പി നേതാക്കള്‍ തമ്മിലുള്ള പോര്. ഇപ്പോഴത് പുതിയ റൗണ്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി വൈ.എസ്. യെദിയൂരപ്പയുടെ മകന്‍ കൂടിയായ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ വിജയേന്ദ്രക്കെതിരെ പാര്‍ട്ടിയില്‍ പോര് മുറുകുകയാണ്. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ബി.വൈ വിജയേന്ദ്രക്കെതിരെ മുതിര്‍ന്ന നേതാവിന്റേതെന്ന് പറഞ്ഞ് ഒരു വോയ്‌സ് ക്ലിപ് പുറത്തുവന്നിരിക്കുകയാണ്. വിജയേന്ദ്രയെ പാര്‍ട്ടി തലപ്പത്തു നിന്ന് മാറ്റുമെന്നാണ് ഈ വോയ്‌സിലുള്ളത്. കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എമാരില്‍ ക്രോസ് വോട്ട് ചെയ്തത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ബി.ജെ.പി നേതൃമാറ്റ നീക്കം സജീവമായത്. വിജയേന്ദ്രയെ നിയമിച്ചത് കേന്ദ്ര നേതൃത്വമാണെന്നും മറ്റൊരു തീരുമാനം വരുന്നതു വരെ അണികള്‍ അദ്ദേഹവുമായി സഹകരിക്കണമെന്നും ബി.ജെ.പി എം.പി കോട ശ്രീനിവാസ പൂജാരി അഭ്യര്‍ഥിച്ചു. സദാനന്ദ ഗൗഡയുടേതെന്ന് കരുതുന്ന വോയ്‌സ് ക്ലിപ്പാണ് സംസ്ഥാന ബി.ജെ.പിയില്‍ പുതിയ ലഹളക്ക് തുടക്കമിട്ടിരിക്കുന്നത്.  അതിനിടയിലാണ് സീനിയര്‍ നേതാക്കള്‍ തമ്മിലുള്ള കലഹം. മുന്‍ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡ പാര്‍ട്ടി എം.എല്‍.എ എച്ച് വിശ്വനാഥിനെതിരെ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. അധോലോക നേതാവ് മുത്തപ്പ റായിയെ കൂട്ടുപിടിച്ച് വിശ്വനാഥ് സമ്പത്ത് വാരിക്കൂട്ടിയിരിക്കുകയാണെന്ന് സദാനന്ദ ഗൗഡ ആരോപിച്ചു. എന്‍. കെംപെഗൗഡയുടെ സമ്പന്നമായ ഓര്‍കളെ വിശ്വനാഥ് അനാദരിക്കുകയാണെന്നും സദാനന്ദ ഗൗഡ കുറ്റപ്പെടുത്തി. 

വളരെ ലളിതമായ സാഹചര്യങ്ങളില്‍ നിന്ന് വന്ന വിശ്വനാഥ് അധികാരവും സമ്പത്തും പിടിച്ചെടുത്തതും ഭൂമി വാങ്ങിക്കൂട്ടിയതും അധോലോക പിന്തുണയോടെയാണെന്നും സത്യസന്ധനായ രാഷ്ട്രീയക്കാരന്റെ മുഖംമൂടി ധരിച്ച് അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും സദാനന്ദ ഗൗഡ പറഞ്ഞു. കെംപെഗൗഡയുടെ പാരമ്പര്യം ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന് അവകാശപ്പെട്ടതല്ലെന്നും കെംപെഗൗഡ അനുസ്മരണച്ചടങ്ങില്‍നിന്ന് തന്നെ തടയാന്‍ വിശ്വനാഥ് ശ്രമിച്ചുവെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ രാഷ്ട്രീയപ്രവേശത്തിന്റെ അമ്പതാം വാര്‍ഷികം കഴിഞ്ഞ മാസം ആഘോഷിച്ചതും പാര്‍ട്ടിയില്‍ തര്‍ക്കത്തിന് കാരണമായിരുന്നു. യെദിയൂരപ്പയുടെ മകനാണ് ഇപ്പോഴത്തെ സംസ്ഥാന അധ്യക്ഷന്‍ വിജയേന്ദ്ര. വിജയേന്ദ്രയുടെ സ്വീകാര്യത വര്‍ധിപ്പിക്കാനാണ് ഈ ചടങ്ങ് സംഘടിപ്പിച്ചതെന്നായിരുന്നു വിവാദം.