കൈക്കൂലിക്കാരോട് ‘നോ കോംപ്രമൈസ്’; 7 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് എക്സൈസ് മന്ത്രി എം. ലിജു

പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം നടപടി; അഴിമതിയോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം. ലിജു

Sep 01, 2026 - 07:54
0
കൈക്കൂലിക്കാരോട് ‘നോ കോംപ്രമൈസ്’; 7 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് എക്സൈസ് മന്ത്രി എം. ലിജു

കോട്ടയം: ബാർ ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ കോട്ടയത്തെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ചങ്ങനാശ്ശേരി റേഞ്ച് ഇൻസ്‌പെക്ടർ ആദർശ് ജി.എല്ലിനെതിരെ മൈനർ പെനാൽറ്റി നടപടിയും സ്വീകരിച്ചു. അഴിമതിക്കെതിരെ സർക്കാർ സ്വീകരിക്കുന്ന 'സീറോ ടോളറൻസ്' നിലപാടിന്റെ ഭാഗമായാണ് നടപടിയെന്ന് എക്സൈസ് മന്ത്രി എം. ലിജു അറിയിച്ചു.

ഈ മാസം 27-നാണ് വാട്സ്ആപ്പ് മുഖേന എക്സൈസ് വകുപ്പ് മന്ത്രിക്ക് പരാതി ലഭിച്ചത്. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ബാർ ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. പരാതിയോടൊപ്പം ലഭിച്ച മറ്റ് വിവരങ്ങളും ഉൾപ്പെടുത്തി വിഷയം ഉടൻ തന്നെ എക്സൈസ് കമ്മീഷണർക്ക് കൈമാറി. സമഗ്രമായ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ ബാർ ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകൾ ലഭിച്ചതായാണ് വകുപ്പ് വ്യക്തമാക്കുന്നത്. കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങളും എക്സൈസ് കമ്മീഷണർ നേരിട്ട് നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി മന്ത്രി അറിയിച്ചു.

കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാർ, കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റി-നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ എം. മാനുവൽ, ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ലാലു തങ്കച്ചൻ, കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റി-നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പ്രവീൺ ശിവാനന്ദ്, ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ടി., ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷിജു കെ., സിവിൽ എക്സൈസ് ഓഫീസർ വിശാഖ് എ.എസ്. എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം വകുപ്പുതല നടപടി സ്വീകരിച്ചതിലൂടെ അഴിമതിയോടുള്ള സർക്കാരിന്റെ 'സീറോ ടോളറൻസ്' നയം വ്യക്തമാകുന്നതായി മന്ത്രി പറഞ്ഞു.

ചുരുക്കം ചില ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം കാരണം ആത്മാർത്ഥമായി ജോലി ചെയ്യുന്ന മറ്റ് ഉദ്യോഗസ്ഥരുടെയും എക്സൈസ് വകുപ്പിന്റെയും ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പൊതുജന സേവനം കൃത്യമായി നിർവഹിക്കാൻ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ട്. ഇത്തരം തെറ്റുകൾ ആവർത്തിക്കാൻ ഉദ്യോഗസ്ഥർ മടിക്കുന്ന തരത്തിലുള്ള മാതൃകാപരമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും എം. ലിജു പറഞ്ഞു.

അഴിമതിയോടുള്ള 'സീറോ ടോളറൻസ്' നയം തുടരുമെന്നും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. നടപടി മറ്റ് ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User