അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; അഞ്ച് സൈനികരെ കാണാതായി

ദിബാങ് വാലിയിലെ ആർമി ക്യാമ്പിലെ രണ്ട് ഷെൽട്ടറുകൾ ഒലിച്ചുപോയി; അപ്പർ സുബൻസിരിയിൽ മണ്ണിടിച്ചിലിൽ നാല് മരണം

Aug 15, 2026 - 15:14
0
അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; അഞ്ച് സൈനികരെ കാണാതായി

ഇറ്റാനഗർ: കനത്ത മഴയെ തുടർന്ന് അരുണാചൽ പ്രദേശിലെ ദിബാങ് വാലിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ അഞ്ച് സൈനികരെ കാണാതായി. വെള്ളിയാഴ്ച വൈകിട്ടാണ് മിപി സർക്കിളിലെ പാസു പാനി ആർമി ക്യാമ്പിൽ അപകടമുണ്ടായത്. 5-ാം ഗ്രനേഡിയേഴ്സിന്റെ രണ്ട് ഷെൽട്ടറുകൾ ശക്തമായ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതിനെ തുടർന്ന് ഏഴ് സൈനികർ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവരിൽ രണ്ട് പേരെ രക്ഷപ്പെടുത്തി.

കാണാതായ സൈനികരായ ഹവിൽദാർ ഉപേന്ദർ, കുന്ദൻ, വിനോദ്, ആദിത്യ, സമുണ്ട .എന്നിവർക്കായി 5-ാം ഗ്രനേഡിയേഴ്സിന്റെ രണ്ട് തെരച്ചിൽ-രക്ഷാ സംഘങ്ങളെ ഇതിനകം വിന്യസിച്ചിട്ടുണ്ട്. ഇന്ത്യ-ടിബറ്റൻ അതിർത്തി പൊലീസ് (ITBP) 58-ാം ബറ്റാലിയൻ, ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിന്റെ (GREF) 62 റോഡ് കൺസ്ട്രക്ഷൻ കമ്പനി, അരുണാചൽ പ്രദേശ് പൊലീസ്, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരും തെരച്ചിലിൽ പങ്കാളികളാണ്. പസിഘട്ടിൽ നിന്നുള്ള സംസ്ഥാന ദുരന്തനിവാരണ സേനയുടെ (SDRF) സംഘവും അനിനിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ അപ്പർ സുബൻസിരി ജില്ലയിലും കനത്ത മഴ ദുരന്തം വിതച്ചു. കേയോജറിംഗ്–ബയാച്ചിംഗ് റോഡ് നിർമാണ മേഖലയിലുണ്ടായ വലിയ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. താഡു ബാക്കി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവരാണ് മരിച്ചത്. ബാബുൽ അലിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

വെള്ളിയാഴ്ച വൈകിട്ടുണ്ടായ രണ്ട് ദുരന്തങ്ങളിലുമായി അരുണാചൽ പ്രദേശിൽ നാല് പേർ മരിക്കുകയും അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയും ദുർഘടമായ ഭൂപ്രദേശവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും കാണാതായ സൈനികർക്കായുള്ള തെരച്ചിൽ ശക്തമായി തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User