നാളെ ബാങ്ക് പണിമുടക്ക്; തുടർച്ചയായി 3 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

ആഴ്ചയിൽ അഞ്ച് ദിവസം ജോലി വേണമെന്ന ആവശ്യം; സെപ്റ്റംബർ 28 മുതൽ വീണ്ടും സമരം, ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിനും പ്രഖ്യാപനം

Sep 10, 2026 - 14:00
0
നാളെ ബാങ്ക് പണിമുടക്ക്; തുടർച്ചയായി 3 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക് നാളെ, സെപ്റ്റംബർ 11 വെള്ളിയാഴ്ച നടക്കും. ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ടുപോകാൻ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചത്. ശനി, ഞായർ ദിവസങ്ങൾ ബാങ്ക് അവധിയായതിനാൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. തിങ്കളാഴ്ച വിനായക ചതുർഥി പ്രമാണിച്ച് അവധിയുള്ള സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ബാങ്കുകൾ തുടർച്ചയായി നാല് ദിവസം അടഞ്ഞുകിടക്കും.

ആഴ്ചയിൽ അഞ്ച് ദിവസം ജോലി, രണ്ട് ദിവസം അവധി എന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഘട്ടംഘട്ടമായി സമരം ശക്തമാക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കണമെന്ന ആവശ്യത്തിൽ സർക്കാർ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. വിഷയത്തിൽ വിവിധ തലങ്ങളിലുള്ള കൂടിയാലോചനകൾക്ക് ശേഷമേ അന്തിമ തീരുമാനമെടുക്കാനാകൂ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ബാങ്ക് യൂണിയനുകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം ബാങ്കുകൾക്ക് അവധി നൽകണമെന്ന ശുപാർശ രണ്ടര വർഷത്തിലേറെയായി കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടില്ലെന്നാണ് യൂണിയനുകളുടെ ആരോപണം. തുടർച്ചയായ ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ പണമിടപാടുകളും മറ്റ് അത്യാവശ്യ ബാങ്കിങ് സേവനങ്ങളും ഉപഭോക്താക്കൾ മുൻകൂട്ടി പൂർത്തിയാക്കുന്നത് ഉചിതമായിരിക്കും.

സമരത്തിന്റെ രണ്ടാം ഘട്ടമായി സെപ്റ്റംബർ 28, 29, 30 തീയതികളിലും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് തൊട്ടുമുമ്പുള്ള ശനി, ഞായർ അവധികൾ കൂടി കണക്കിലെടുത്താൽ തുടർച്ചയായി അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യമുണ്ടാകും. ആവശ്യങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്റ്റംബർ അവസാനത്തിലെ അർധവാർഷിക കണക്കെടുപ്പ് കാലയളവിലാണ് രണ്ടാംഘട്ട സമരം നടക്കുന്നത് എന്നതിനാൽ ബാങ്കുകളുടെ പ്രവർത്തനത്തെ ഇത് കൂടുതൽ ബാധിച്ചേക്കാം. അതേസമയം ബാങ്ക് അവധി ദിവസങ്ങളിലും എടിഎം, യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമാകാൻ സാധ്യതയുണ്ട്. എന്നാൽ ബാങ്ക് ശാഖകളിൽ നേരിട്ട് നടത്തേണ്ട ഇടപാടുകൾക്ക് തടസ്സമുണ്ടാകും.

ജീവനക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി മരവിപ്പിച്ചിരുന്നെങ്കിലും അഞ്ച് ദിവസത്തെ പ്രവൃത്തിവാരമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. 2024 മാർച്ചിൽ ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (IBA) ആഴ്ചയിൽ അഞ്ച് ദിവസം ബാങ്കുകൾ പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റാനുള്ള തീരുമാനം എടുത്തിരുന്നു. എന്നാൽ തുടർനടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കാത്തതോടെയാണ് വിഷയം വീണ്ടും സമരത്തിലേക്ക് നീങ്ങിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User