‘സി.പി.എം.-ബി.ജെ.പി. ഡീൽ’ പ്രചാരണം ചെറുക്കാനായില്ല; തിരഞ്ഞെടുപ്പ് തോൽവിയിൽ സി.പി.എമ്മിന് കുറ്റസമ്മതം
അടിസ്ഥാനവർഗം പോലും കൈവിട്ടു; പിണറായി ഭരണത്തിനെതിരെയും വിമർശനം, സംഘടനാ വീഴ്ചകൾ തിരുത്താൻ കർമ്മപരിപാടി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നിൽ ‘സി.പി.എം.-ബി.ജെ.പി. ഡീൽ’ എന്ന പ്രചാരണം ഫലപ്രദമായി ചെറുക്കാൻ കഴിയാതിരുന്നതും കാരണമായെന്ന് സമ്മതിച്ച് സി.പി.എം. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട്. വിപുലീകരിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച തെറ്റുതിരുത്തൽ രേഖയിലാണ് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ വീഴ്ചകൾ തുറന്നുപറയുന്നത്.
തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ദരിദ്ര കർഷകർ തുടങ്ങിയ പരമ്പരാഗത അടിസ്ഥാന വിഭാഗങ്ങളിൽ പോലും വലിയൊരു വിഭാഗം പാർട്ടിയിൽ നിന്ന് അകന്നുവെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. കോൺഗ്രസും മുസ്‌ലിംലീഗും ജമാഅത്തെ ഇസ്‌ലാമിയും ഉയർത്തിയ സി.പി.എം.-ബി.ജെ.പി. രഹസ്യധാരണാ ആരോപണങ്ങൾക്ക് ഫലപ്രദമായ മറുപടി നൽകാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും ഇത് വോട്ട് ചോർച്ചയ്ക്ക് കാരണമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പി.എം.-ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതും ബി.ജെ.പി.-സി.പി.എം. അന്തർധാരയെന്ന പ്രചാരണത്തിന് ബലം നൽകിയതായി റിപ്പോർട്ടിൽ വിമർശനമുണ്ട്. ആർ.എസ്.എസിനെയും ബി.ജെ.പി.യെയും നേരിടുന്നതിന് കഴിഞ്ഞ സംസ്ഥാന സമ്മേളനം നിർദേശിച്ച നടപടികൾ ഫലപ്രദമായി നടപ്പാക്കാനും കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ. നിയമസഭയിൽ ബി.ജെ.പി. മൂന്ന് സീറ്റുകൾ നേടിയതും പാർട്ടി ഗൗരവത്തോടെ കാണുന്നു.
ആഗോള അയ്യപ്പസംഗമത്തിൽ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതും സി.പി.എം. ഹിന്ദുത്വ രാഷ്ട്രീയത്തോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന പ്രതീതിക്ക് ഇടയാക്കിയതായി റിപ്പോർട്ടിൽ വിമർശനമുണ്ട്. വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളോട് നേതൃത്വം ശക്തമായി പ്രതികരിക്കാതിരുന്നതും ചില നേതാക്കളുടെ വിവാദ പ്രസ്താവനകളും ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയതായി രേഖ ചൂണ്ടിക്കാട്ടുന്നു.
പത്തുവർഷത്തെ പിണറായി ഭരണമാണ് കേരളത്തിൽ വികസന ബദൽ സൃഷ്ടിച്ചതെന്ന സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദത്തിലും ജനറൽ സെക്രട്ടറി എം.എ. ബേബി തിരുത്തൽ വരുത്തി. കേരളത്തിന്റെ 70 വർഷത്തെ ചരിത്രത്തിൽ ഏകദേശം 30 വർഷം ഇടതുപക്ഷം സംസ്ഥാനം ഭരിച്ചിട്ടുണ്ടെന്നും ലോകത്തിന് മുന്നിൽ കേരള മാതൃക സൃഷ്ടിച്ചത് ഈ കാലഘട്ടത്തിലെ ഇടതുസർക്കാരുകളാണെന്നും ബേബി ചൂണ്ടിക്കാട്ടി.
പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണം തിരിച്ചടിയായെന്ന് നേരത്തെ കേന്ദ്രകമ്മിറ്റി അവലോകന റിപ്പോർട്ടിലും വിമർശനമുണ്ടായിരുന്നു. മുൻ ഇടതുസർക്കാരുകളുടെ കാലത്ത് ഉണ്ടായിരുന്ന പാർട്ടി-ഭരണ ഏകോപനം പത്തുവർഷത്തെ ഭരണകാലത്ത് ദുർബലമായെന്നും വിമർശനമുണ്ട്. ഈ വിമർശനങ്ങളുടെ പ്രതിഫലനം സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിലും ഉണ്ടായെന്നാണ് വിവരം.
സംഘടനാപരമായ ദൗർബല്യങ്ങളും റിപ്പോർട്ട് വിശദമായി ചൂണ്ടിക്കാട്ടുന്നു. 2016 മുതലുള്ള പത്തുവർഷത്തിനിടെ പാർട്ടിയിൽ എത്തിയവരാണ് നിലവിലെ അംഗങ്ങളിൽ 55 ശതമാനമെന്നാണ് വിലയിരുത്തൽ. ഇവരിൽ വലിയൊരു വിഭാഗത്തിന് പ്രതിപക്ഷത്തിരുന്നുള്ള പ്രവർത്തന പരിചയമില്ല. അംഗങ്ങളുടെ രാഷ്ട്രീയ നിലവാരം ഉയർത്താൻ സ്ഥിരമായ പാർട്ടി വിദ്യാഭ്യാസം ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
ദേശീയതലത്തിൽ 10,473 മുഴുവൻ സമയ പാർട്ടി പ്രവർത്തകരുള്ളപ്പോൾ അതിൽ 6,129 പേരും കേരളത്തിലാണെന്നും രേഖ പറയുന്നു. പ്രൊഫഷണൽ ജോലികളുള്ള പലരും മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിലേക്ക് മാറുന്നതിനാൽ സ്വന്തം തൊഴിൽ മേഖലയിൽ ശ്രദ്ധിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും ഇതിൽ മാറ്റം വരുത്താൻ മുഴുവൻ സമയ പ്രവർത്തകരുടെ എണ്ണം പുനഃക്രമീകരിക്കണമെന്നും നിർദേശമുണ്ട്.
ഐ.ടി. ഉൾപ്പെടെയുള്ള പുതിയ തൊഴിൽ മേഖലകളിൽ സംഘടനാ പ്രവർത്തനം വ്യാപിപ്പിക്കാനും യുവാക്കളെയും പുതിയ തൊഴിൽ വിഭാഗങ്ങളെയും പാർട്ടിയിലേക്ക് ആകർഷിക്കാനും പദ്ധതികൾ വേണമെന്നും റിപ്പോർട്ട് പറയുന്നു.
ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികൾ നേരിടാൻ നേതാക്കൾക്കും അംഗങ്ങൾക്കും പ്രത്യേക പരിശീലനം നൽകാനും സി.പി.എം. തീരുമാനിക്കുന്നു. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം പൊതുയോഗങ്ങളിലെ പ്രസംഗങ്ങളിലും മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിലും നേതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
തങ്ങളുടെ ഓരോ വാക്കും റെക്കോർഡ് ചെയ്യപ്പെടുകയും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്ന സാഹചര്യം നേതാക്കൾ മനസ്സിലാക്കണം. പ്രസംഗങ്ങൾ കൂടുതൽ ആകർഷകവും രാഷ്ട്രീയമൂർച്ചയുള്ളതുമാക്കുന്നതിനുള്ള പരിശീലനവും ആവശ്യമാണ്.
ജനവിശ്വാസം വീണ്ടെടുക്കാൻ പ്രാദേശികതലം മുതൽ വിശ്വാസ്യതയുള്ള പുതിയ മുഖങ്ങളെ ഉയർത്തിക്കൊണ്ടുവരണമെന്നും വർഗ-ബഹുജന സംഘടനകളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. സംഘടനാപരമായ വീഴ്ചകൾ തിരുത്തി ദീർഘകാല പ്രവർത്തനപരിപാടി ആവിഷ്കരിച്ച് പാർട്ടിയുടെ ജനപിന്തുണ തിരിച്ചുപിടിക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി രേഖയുടെ പ്രധാന ആഹ്വാനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)