വട്ടവടയിൽ ദുരന്തമഴ; കൊട്ടാക്കമ്പൂരിൽ മണ്ണിടിച്ചിൽ, സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ഷെഡിന് മുകളിലേക്ക് 20 മീറ്റർ ഉയരത്തിൽ നിന്ന് മണ്ണിടിഞ്ഞുവീണു; ബാലകൃഷ്ണന്റെ ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

Sep 20, 2026 - 18:16
Updated: 10 hours ago
0
വട്ടവടയിൽ ദുരന്തമഴ; കൊട്ടാക്കമ്പൂരിൽ മണ്ണിടിച്ചിൽ, സഹോദരങ്ങൾക്ക്  ദാരുണാന്ത്യം

ഇടുക്കി: വട്ടവട കൊട്ടാക്കമ്പൂരിൽ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. കൊട്ടാക്കമ്പൂർ സ്വദേശി ബാലകൃഷ്ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കനത്ത മഴയ്ക്കിടെ കൃഷിസ്ഥലത്ത് താമസിച്ചിരുന്ന കുടുംബം ഷെഡിനുള്ളിൽ കയറി നിന്നപ്പോഴാണ് അപകടമുണ്ടായത്. ഏകദേശം 20 മീറ്റർ ഉയരത്തിൽ നിന്ന് മണ്ണ് ഇടിഞ്ഞ് ഷെഡിന് മുകളിലേക്ക് പതിക്കുകയായിരുന്നു. മണ്ണിനടിയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ഏകദേശം ഒരു മണിക്കൂറോളം രക്ഷാപ്രവർത്തനം നീണ്ടു.

ദേവികുളത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ബാലകൃഷ്ണനും സഹോദരി ചിന്നുവും മരിച്ചതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റി.

തുടർച്ചയായി മൂന്ന് മണിക്കൂറോളം പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഉച്ചയ്ക്ക് ശേഷം അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാക്ഷിയായതായി നാട്ടുകാർ പറയുന്നു. ഇടിമിന്നലേറ്റതാകാം മരണകാരണമെന്ന സംശയവും ചില പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്.

കൃഷിസ്ഥലത്തെ ഷെഡിൽ മഴയിൽ നിന്ന് രക്ഷനേടാൻ കയറി നിന്ന കുടുംബത്തിനാണ് ദുരന്തമുണ്ടായത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User