ഒക്ടോബർ 1 മുതൽ പാചകവാതകത്തിന് പുതിയ നിയമം; ആധാർ ബയോമെട്രിക് നിർബന്ധം
ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡിയോടെ എൽപിജി റീഫിൽ ലഭിക്കുന്നതിൽ നിയന്ത്രണം; നടപടികൾ എങ്ങനെ പൂർത്തിയാക്കാം?
ന്യൂഡൽഹി: പാചകവാതക ഉപഭോക്താക്കൾക്ക് ഒക്ടോബർ 1 മുതൽ പുതിയ വ്യവസ്ഥ. സബ്സിഡിയോടെ ഗാർഹിക എൽപിജി റീഫിൽ ലഭിക്കുന്നതിന് ആധാർ അടിസ്ഥാനത്തിലുള്ള ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. ഇതിനകം ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കിയ ഉപഭോക്താക്കൾക്ക് വീണ്ടും നടപടികൾ ആവശ്യമില്ല.
എൽപിജി കണക്ഷൻ യഥാർഥ ഉപഭോക്താവുമായി ബന്ധിപ്പിക്കുന്നതിനും അർഹതയില്ലാത്തതോ ഇരട്ടയായതോ ആയ കണക്ഷനുകൾ ഒഴിവാക്കുന്നതിനുമാണ് നടപടി. സെപ്റ്റംബർ 19 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ ഗാർഹിക എൽപിജി ഉപഭോക്താക്കളിൽ ഭൂരിഭാഗവും ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.
ഗ്യാസ് സിലിണ്ടർ ഡെലിവറി ചെയ്യുന്ന സമയത്ത് ഡെലിവറി ജീവനക്കാരന്റെ സഹായത്തോടെ ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കാം. ഗ്യാസ് വിതരണ ഏജൻസിയുടെ ഓഫീസിൽ നേരിട്ടെത്തിയും നടപടികൾ പൂർത്തിയാക്കാം. ബന്ധപ്പെട്ട എണ്ണക്കമ്പനികളുടെ മൊബൈൽ ആപ്പുകൾ വഴിയും ഉപഭോക്താക്കൾക്ക് ഓതന്റിക്കേഷൻ നടത്താനാകും.
Indane ഉപഭോക്താക്കൾക്ക് IndianOil ONE, Bharatgas ഉപഭോക്താക്കൾക്ക് HelloBPCL, HP Gas ഉപഭോക്താക്കൾക്ക് HP PAY എന്നീ ആപ്പുകൾ ഉപയോഗിക്കാം.
ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് ഗ്യാസ് ലഭിക്കില്ലെന്നല്ല. എന്നാൽ സബ്സിഡിയുള്ള നിരക്കിൽ റീഫിൽ ലഭിക്കുന്നതിന് ഓതന്റിക്കേഷൻ ആവശ്യമായിരിക്കും. സബ്സിഡി ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് ബാധകമായ വിപണി വിലയിൽ ഗ്യാസ് ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളും നിലവിലുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)