ബേഡഡുക്കയും മുളിയാറും കാസർഗോഡിനോട് കൂടുതൽ അടുക്കും; പയസ്വിനിപ്പുഴയ്ക്ക് കുറുകെ മൂന്ന് പാലങ്ങൾ

മുനമ്പം പാലം ഉദ്ഘാടനത്തിനൊരുങ്ങി; അരമനപ്പടിയിലും ആലൂരിലും നിർമാണം പുരോഗമിക്കുന്നു

Nov 04, 2026 - 09:39
Updated: 1 hour ago
0
ബേഡഡുക്കയും മുളിയാറും കാസർഗോഡിനോട് കൂടുതൽ അടുക്കും; പയസ്വിനിപ്പുഴയ്ക്ക് കുറുകെ മൂന്ന് പാലങ്ങൾ

ബോവിക്കാനം: ബേഡഡുക്ക, മുളിയാർ പഞ്ചായത്തുകളെ കാസർഗോഡ് നഗരവുമായി കൂടുതൽ അടുപ്പിക്കാൻ പയസ്വിനിപ്പുഴയ്ക്ക് കുറുകെ മൂന്ന് പുതിയ പാലങ്ങൾ ഒരുങ്ങുന്നു. ബേഡഡുക്ക പഞ്ചായത്തിലെ മുനമ്പത്ത് 17.7 കോടി രൂപ ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനത്തിനൊരുങ്ങിയപ്പോൾ മുളിയാർ പഞ്ചായത്തിലെ അരമനപ്പടിയിലും ആലൂരിലും പാലങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ വർഷം നവംബറിൽ നിർമാണം ആരംഭിച്ച മുനമ്പം പാലവും അനുബന്ധ റോഡും ഒരു വർഷം കൊണ്ടാണ് പൂർത്തിയായത്. ചട്ടഞ്ചാലിലെ ജാസ്മിൻ കൺസ്ട്രക്ഷൻസിനായിരുന്നു നിർമാണച്ചുമതല. പാലം തുറക്കുന്നതോടെ മുനമ്പം, കല്ലളി, കൊളത്തൂർ പ്രദേശങ്ങളിൽനിന്ന് കാസർഗോഡ് നഗരത്തിലേക്കുള്ള യാത്രാദൂരം ഏകദേശം അഞ്ചു കിലോമീറ്റർ കുറയും.

നിലവിൽ ബേഡഡുക്ക, കുറ്റിക്കോൽ തുടങ്ങിയ മലയോര പഞ്ചായത്തുകളിൽനിന്നുള്ളവർ കരിച്ചേരിയിലെ ചുരം വളവ് ചുറ്റി പൊയിനാച്ചി ടൗണിലെത്തിയാണ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്. പുതിയ പാലം യാഥാർഥ്യമാകുന്നതോടെ പെർളടുക്കയിൽനിന്ന് കല്ലളി–മുനമ്പം റോഡ് വഴി നേരിട്ട് ചട്ടഞ്ചാലിലെത്താം.

പെർളടുക്കയിൽനിന്ന് കല്ലളി വഴി മുനമ്പത്തേക്കുള്ള റോഡ് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തി 3.85 കോടി രൂപ ചെലവിൽ മെക്കാഡം ടാറിങ് നടത്തി നവീകരിച്ചിരുന്നു. പാലം കടന്നാൽ മഹാലക്ഷ്മിപുരം–പള്ളത്തിങ്കാൽ റോഡ് വഴി ചട്ടഞ്ചാലിലെ ദേശീയപാതയിലെത്താം. മഹാലക്ഷ്മിപുരം റോഡിന്റെ നവീകരണവും പുരോഗമിക്കുകയാണ്.

മഹാലക്ഷ്മിപുരത്ത് വർഷങ്ങൾക്കുമുമ്പ് കാൽനടയാത്രക്കാർക്കായി നിർമിച്ച തൂക്കുപാലം ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. സമീപത്തെ ബാവിക്കര റഗുലേറ്ററും തൂക്കുപാലവും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആകർഷണമാണ്. വൈകുന്നേരങ്ങളിൽ വീഡിയോ ചിത്രീകരണത്തിനായി നിരവധി പേരാണ് ഇവിടെ എത്തുന്നത്.

മുളിയാർ പഞ്ചായത്തിലെ അരമനപ്പടിയിലും നിലവിലുള്ള തൂക്കുപാലത്തിന് സമീപമാണ് പുതിയ പാലം നിർമിക്കുന്നത്. നബാർഡ് പദ്ധതിയിൽ 16.3 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.

ഇതിനുപിന്നാലെയാണ് ആലൂരിൽ റഗുലേറ്ററിന് സമാന്തരമായി പുതിയ പാലം നിർമിക്കാൻ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 20 കോടി രൂപ വകയിരുത്തിയത്. മൂന്ന് പാലങ്ങളും യാഥാർഥ്യമാകുന്നതോടെ ബേഡഡുക്ക, മുളിയാർ പഞ്ചായത്തുകളിലെ യാത്രാസൗകര്യം മെച്ചപ്പെടുന്നതിനൊപ്പം കാസർഗോഡ് നഗരത്തിലേക്കുള്ള ഗതാഗതബന്ധവും കൂടുതൽ ശക്തമാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User