യുപി നാലായി വിഭജിക്കുമോ? മോദിയുടെ പച്ചക്കൊടിയെന്ന് രാജ്ഭർ
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഏകദേശം 24 കോടിയിലധികം ജനങ്ങള്‍ വസിക്കുന്ന ഈ വന്‍ സംസ്ഥാനത്തെ ഭരണസൗകര്യത്തിനായി നാലായി വിഭജിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. യുപിയെ നാലായി വിഭജിച്ച് പശ്ചിമാഞ്ചല്‍, പൂര്‍വാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, അവധ് പ്രദേശ് എന്നിങ്ങനെ ഭാഗങ്ങളാക്കണമെന്നാണ് നേരത്തെയുണ്ടായിരുന്ന ആവശ്യം. ഒരു സംസ്ഥാനത്തെ ചെറുതാക്കുന്നത് ഭരണപരമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെങ്കിലും, ഉത്തര്‍പ്രദേശ് പോലുള്ള ഒരു വലിയ സംസ്ഥാനത്തെ വിഭജിക്കുന്നത് സാമ്പത്തികവും സാമൂഹികവുമായ നിരവധി വെല്ലുവിളികള്‍ക്കും ദോഷങ്ങള്‍ക്കും കാരണമായേക്കാം. ഇത് രാഷ്ട്രീയമായും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. നിലവില്‍ യുപി ബിജെപിയുടെ ശക്തികേന്ദ്രമാണ്. എന്നാല്‍, ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവിടെ ബിജെപിക്ക് വലിയ തിരിച്ചടി ലഭിച്ചിരുന്നു. സംസ്ഥാനം നാലായി വിഭജിച്ചാല്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ബിജെപിക്ക് സംജാതമാകുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. അതിനുമപ്പുറം, ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കുന്നതിലൂടെ ഇന്ത്യ മുന്നണിയുടെ ശക്തി ക്ഷയിപ്പിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്നും രാഷ്ട്രീയ നിരീക്ഷണങ്ങളുണ്ട്. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുപി വിഭജനത്തിന് പച്ചക്കൊടി കാണിച്ചുവെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിന്റെ വിഭജനം അനിവാര്യമാണെന്ന വാദവുമായി എത്തിയ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷനും യു.പി. പഞ്ചായത്തീരാജ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭറാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

സംസ്ഥാനത്തെ നാല് ചെറിയ സംസ്ഥാനങ്ങളായി വിഭജിക്കണമെന്നും, അതില്‍ നിര്‍ദിഷ്ട പൂര്‍വാഞ്ചല്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം രാജ്ഭര്‍ സമുദായത്തില്‍ നിന്നുള്ളയാള്‍ക്ക് നല്‍കണമെന്ന ഉപാധിയോടെ മാത്രമേ ഭാവിയില്‍ രാഷ്ട്രീയ സഖ്യങ്ങളിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി സെന്‍സസ് പൂര്‍ത്തിയായാല്‍ വിഭജനം നടത്താമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും മന്ത്രി അവകാശപ്പെട്ടു. വരാനിരിക്കുന്ന 2027ലെ യു.പി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ഉത്തര്‍പ്രദേശിന്റെ വിഭജനം ഒഴിവാക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍വാഞ്ചല്‍, പശ്ചിമാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, അവധ് പ്രദേശ് എന്നിങ്ങനെ സംസ്ഥാനം വിഭജിക്കണമെന്നാണ് ആവശ്യം. അംബേദ്കര്‍ നഗര്‍ മുതല്‍ കിഴക്കന്‍ യു.പി.യിലുടനീളം ഏറ്റവും കൂടുതല്‍ വോട്ട് വിഹിതമുള്ളത് രാജ്ഭര്‍ സമുദായത്തിനാണെന്നും അതിനാല്‍ ഇനി ഏത് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാലും പൂര്‍വാഞ്ചലിന്റെ ആദ്യ മുഖ്യമന്ത്രി രാജ്ഭര്‍ സമുദായത്തില്‍ നിന്നുള്ളയാളായിരിക്കണമെന്നുമാണ് ഓം പ്രകാശ് രാജ്ഭര്‍ വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശ് സംസ്ഥാന വിഭജനം എന്നത് പുതിയ ചര്‍ച്ചയല്ല, മറിച്ച് പതിറ്റാണ്ടുകളായി യു.പി. രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന വിഷയമാണ്. നിര്‍ദിഷ്ട വിഭജന പദ്ധതി പ്രകാരം നാല് സംസ്ഥാനങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഇതില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മേഖലകള്‍ ഉള്‍പ്പെടുന്ന ജനസാന്ദ്രതയേറിയ പ്രദേശമാണ് പൂര്‍വാഞ്ചല്‍. സംസ്ഥാനത്തിന്റെ മധ്യമേഖലയും ഭരണകൂട-സാമ്പത്തിക കേന്ദ്രങ്ങളായ ലഖ്‌നൗ, കാണ്‍പൂര്‍ എന്നിവ ഉള്‍പ്പെടുന്നതുമാണ് മധ്യാഞ്ചല്‍ അഥവാ അവധ് പ്രദേശ്. വരള്‍ച്ചാബാധിതവും വിഭവപരിമിതിയുള്ളതുമായ തെക്കന്‍ മേഖലയാണ് ബുന്ദേല്‍ഖണ്ഡ്. ദേശീയ തലസ്ഥാന മേഖലയോട് ചേര്‍ന്നുനില്‍ക്കുന്ന, കാര്‍ഷിക പുരോഗതിയുള്ള പടിഞ്ഞാറന്‍ യു.പി.യാണ് ഹരിത് പ്രദേശ് അഥവാ പശ്ചിമ പ്രദേശ്.
സംസ്ഥാന വിഭജനമെന്ന ആവശ്യം ഉത്തര്‍പ്രദേശില്‍ ഇതാദ്യമായല്ല ഉയര്‍ന്നുവരുന്നത്. 1955ല്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ തന്റെ ‘Thoughts on Linguistic States’ എന്ന പുസ്തകത്തില്‍ യു.പി. മൂന്ന് ചെറിയ സംസ്ഥാനങ്ങളായി വിഭജിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പിന്നീട് 2011ല്‍ ബി.എസ്.പി. ഭരണകാലത്ത് മായാവതി സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് നാല് സംസ്ഥാനങ്ങളായി വിഭജിക്കാനുള്ള പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും വിഭജനം എന്ന വാദം ഉയര്‍ന്നുവരുന്നത്. പ്രധാനമന്ത്രി മോദി ഈ വിഷയത്തില്‍ തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന അവകാശവാദം ബിജെപി നിഷേധിക്കുന്നുമുണ്ട്. ഇവിടെ ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. വിഭജനം നടക്കുമ്പോള്‍ പടിഞ്ഞാറന്‍ മേഖല കൂടുതല്‍ സമ്പന്നമാകുകയും കിഴക്കന്‍ മേഖലകള്‍ വരുമാനമില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്യുമെന്ന ആശങ്കയുണ്ട്. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന ഉണ്ടായപ്പോഴും ബിഹാര്‍ വിഭജിച്ച് ജാര്‍ഖണ്ഡ് ഉണ്ടായപ്പോഴും നദീജല വിഭജനവും പ്രകൃതിവിഭവങ്ങളുടെ പങ്കുവെക്കലും വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നു. യു.പി. വിഭജിക്കുമ്പോഴും ഗംഗ, യമുന തുടങ്ങിയ നദികളിലെ വെള്ളം പങ്കുവെക്കുന്നതിനെച്ചൊല്ലി പുതിയ സംസ്ഥാനങ്ങള്‍ക്കിടയില്‍ വലിയ തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. ചെറിയ സംസ്ഥാനങ്ങളില്‍ പലപ്പോഴും രാഷ്ട്രീയ അസ്ഥിരത കൂടുതലായി കണ്ടുവരാറുണ്ട്. കുറഞ്ഞ നിയമസഭാ സീറ്റുകള്‍ മാത്രമുള്ള സംസ്ഥാനങ്ങളില്‍ കേവലഭൂരിപക്ഷം നേടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ബുദ്ധിമുട്ടുകയും, കുതിരക്കച്ചവടവും കൂറുമാറ്റവും വഴി അടിക്കടി സര്‍ക്കാരുകള്‍ വീഴുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായേക്കാം. ഇത് ഭരണസ്തംഭനത്തിലേക്ക് നയിക്കുമെന്ന കാര്യവും വിസ്മരിക്കാന്‍ സാധിക്കില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)