മഴക്കെടുതി: കടകളിൽ വെള്ളം കയറിയ വ്യാപാരികൾക്കും നഷ്ടപരിഹാരം; സഹായ പദ്ധതിയുമായി സർക്കാർ

കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർധിപ്പിച്ചു; കുട്ടനാട് അടക്കമുള്ള മേഖലകളിൽ വെള്ളക്കെട്ട് തുടരുന്നു, ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രി.

മഴക്കെടുതി: കടകളിൽ വെള്ളം കയറിയ വ്യാപാരികൾക്കും നഷ്ടപരിഹാരം; സഹായ പദ്ധതിയുമായി സർക്കാർ

സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് സഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായവർക്കും നഷ്ടപരിഹാരം നൽകും. നേരത്തെ വീടുകളിൽ വെള്ളം കയറിയവർക്കായിരുന്നു സർക്കാർ സഹായം നൽകിയിരുന്നത്. പുതിയ സഹായ പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കും.

കൃഷിനാശം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരത്തുകയും വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട മറ്റ് സഹായ നടപടികളും സർക്കാർ വിലയിരുത്തുന്നുണ്ട്.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ കനത്ത വെള്ളക്കെട്ട് തുടരുകയാണ്. നിരണം, എടത്വ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം ഇറങ്ങാത്തത് ജനജീവിതത്തെ ബാധിച്ചു. ദുരിതാശ്വാസ ക്യാംപുകളിലും വെള്ളം കയറിയത് പ്രതിസന്ധി വർധിപ്പിച്ചു.

ആറന്മുളയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതും മഴ മാറിനിന്നതും ആശ്വാസമായി. എന്നാൽ ഉൾപ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. റാന്നിയിൽ വെള്ളം കയറിയ വീടുകളിലും കടകളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും.