‘വന്ദേമാതരം’ മുഴുവനായി പാടില്ല; കെ. മുരളീധരൻ

കേന്ദ്ര പ്രോട്ടോക്കോൾ കേരളത്തിൽ നടപ്പാക്കില്ല; ‘വന്ദേമാതരം’ രണ്ട് വരി മാത്രമെന്ന് മന്ത്രി കെ. മുരളീധരൻ

Aug 09, 2026 - 15:26
0
‘വന്ദേമാതരം’ മുഴുവനായി പാടില്ല;  കെ. മുരളീധരൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ‘വന്ദേമാതരം’ മുഴുവനായി പാടണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ മന്ത്രി കെ. മുരളീധരൻ. കേന്ദ്ര പ്രോട്ടോക്കോൾ കേരളം അതേപടി പിന്തുടരില്ലെന്നും സംസ്ഥാനത്ത് ‘വന്ദേമാതരം’ രണ്ട് വരി മാത്രമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സത്യപ്രതിജ്ഞാ ചടങ്ങിൽ ‘വന്ദേമാതരം’ രണ്ട് വരി മാത്രമാണ് ആലപിച്ചതെന്നും ഗവർണർ പങ്കെടുത്ത പരിപാടിയായതിനാലാണ് അത്തരത്തിൽ നടന്നതെന്നും മുരളീധരൻ പറഞ്ഞു. ഗവർണർ പങ്കെടുക്കുന്ന മറ്റ് പരിപാടികളിലും ഇതേ രീതിയാണ് തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര നിർദേശം താഴെത്തട്ടിലേക്ക് നൽകേണ്ട സാഹചര്യമുണ്ടാകുമെങ്കിലും അത് സംസ്ഥാന സർക്കാരിന്റെ നിലപാടല്ലെന്നും മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥൻ മാത്രമാണെന്നും കേന്ദ്ര നിർദേശം ലഭിച്ചാൽ അത് കൈമാറേണ്ടിവരുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

അതേസമയം, അർജുൻ ആയങ്കിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. അർജുൻ ആയങ്കിയെ പിടികൂടുമെന്നത് ഉറപ്പായിരുന്നുവെന്നും കുറച്ച് ‘ഷോ’ കാണിച്ച് നടന്നുവെന്നേയുള്ളൂവെന്നും മുരളീധരൻ വിമർശിച്ചു. ഒളിവിലിരുന്ന് ആർക്കും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടാൻ കഴിയുമെന്നും അദ്ദേഹം പരിഹസിച്ചു.

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഓഗസ്റ്റ് 9 മുതൽ 17 വരെ നടക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടികളിൽ ‘വന്ദേമാതരം’ പൂർണമായി ആലപിക്കണമെന്നായിരുന്നു സർക്കുലറിലെ നിർദേശം.

നിർദേശത്തെക്കുറിച്ച് അറിയില്ലെന്നും പരിശോധിക്കാമെന്നും മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇത് സംസ്ഥാന സർക്കാർ കൊണ്ടുവന്ന പുതിയ നിർദേശമല്ലെന്നും കേന്ദ്രത്തിൽ നിന്നുള്ള നിർദേശമാണെന്നും മന്ത്രി എൻ. ഷംസുദ്ദീനും വ്യക്തമാക്കിയിരുന്നു.

അതേസമയം, ‘വന്ദേമാതരം’ പൂർണമായി പാടണമെന്ന കേന്ദ്ര നിർദേശം ആർഎസ്എസ് നയത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ നിർദേശം പിൻവലിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User