മലപ്പുറത്ത് സബ് ആർടിഒ ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാജ ലൈസൻസ് തട്ടിപ്പ്; വിജിലൻസ് അന്വേഷണം ശക്തമാക്കി
മൈസൂരിൽ നിന്ന് ഡ്രൈവിംഗ് ടെസ്റ്റില്ലാതെ ലഭിച്ച ലൈസൻസുകളിൽ കേരള വിലാസവും ഫോട്ടോയും ഒപ്പും മാറ്റി പുതിയ ലൈസൻസ് നൽകിയെന്ന ആരോപണത്തിൽ മലപ്പുറത്ത് വിജിലൻസ് അന്വേഷണം ശക്തമാക്കി.
തിരൂരങ്ങാടി: മലപ്പുറത്തെ സബ് ആർടിഒ ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ് ലൈസൻസ് ഇടപാടുകൾ വിജിലൻസ് അന്വേഷണം ശക്തമാക്കി. മൈസൂരിൽ നിന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ഏജന്റുമാർ വഴി ലൈസൻസ് സംഘടിപ്പിച്ച് കേരളത്തിലെ വിലാസവും ഫോട്ടോയും ഒപ്പും മാറ്റി പുതിയ ലൈസൻസ് നൽകുന്ന രീതിയിലാണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തൽ.
തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജോർജിനെയും ക്ലർക്ക് നജീബിനെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ശുപാർശ ചെയ്തിട്ടുണ്ട്. മൈസൂർ–കേരള ബന്ധമുള്ള വലിയൊരു ലൈസൻസ് തട്ടിപ്പ് ശൃംഖലയെക്കുറിച്ചാണ് അന്വേഷണത്തിൽ സൂചന ലഭിച്ചിരിക്കുന്നത്.
മലപ്പുറം സ്വദേശിയുടെ ലൈസൻസ് പരിശോധിച്ചതോടെയാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. മൈസൂരിൽ നിന്നു ലഭിച്ച ലൈസൻസിൽ യുവാവിന്റെ ചിത്രം ഉണ്ടായിരുന്നെങ്കിലും പിന്നീട് തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ വിലാസം മാറ്റുന്നതിനുള്ള അപേക്ഷ നൽകി. ദിവസങ്ങൾക്കുള്ളിൽ പുതിയ ഫോട്ടോയും ഒപ്പും ഉൾപ്പെടുത്തി മലപ്പുറം വിലാസത്തിൽ പുതിയ ലൈസൻസ് അനുവദിച്ചതാണ് അന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ടത്.
സമാന രീതിയിൽ നിരവധി ലൈസൻസുകൾ അനുവദിച്ചിട്ടുണ്ടാകാമെന്നാണ് സംശയം. പ്രത്യേകിച്ച് വിലാസം മാറ്റുന്നതിനുള്ള അപേക്ഷകൾ അസാധാരണ വേഗത്തിൽ തീർപ്പാക്കിയതും അന്വേഷണ പരിധിയിലുണ്ട്. വ്യാജ ലൈസൻസുകൾ ഉപയോഗിച്ച് യോഗ്യതയില്ലാത്തവർ വാഹനമോടിക്കുന്നത് റോഡ് സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന വിലയിരുത്തലിലാണ് അധികൃതർ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)