കരിങ്കൊടി പ്രതിഷേധം മുതൽ തുടരന്വേഷണം വരെ; വീണാ ജോർജിന് തിരിച്ചടി
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചതോടെ മുൻ മന്ത്രി വീണാ ജോർജിന് രാഷ്ട്രീയമായും നിയമപരമായും പുതിയ വെല്ലുവിളി.
മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് ഇനിയങ്ങോട്ട് തികച്ചു കഷ്ടകാലമാണ്. അധികാരത്തിന്റെ ഹുങ്കിൽ ചമച്ച സകല നാടകങ്ങളും കള്ളക്കഥകളും ഒന്നൊന്നായി പൊളിയാൻ പോകുന്നു. അന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന നാടകീയ സംഭവങ്ങൾ ആരും മറന്ന് കാണില്ല . സർക്കാരിന്റെ വീഴ്ചകൾക്കെതിരെ ജനാധിപത്യപരമായ രീതിയിൽ കരിങ്കൊടി കാണിച്ച കെ എസ് യു പ്രവർത്തക്കാർക്കെതിരെ വധശ്രമ കേസുകളാണ് മന്ത്രിയുടെയും അവരുടെ ഓഫീസിന്റെയും സമ്മർദ്ദത്താൽ ചുമത്തപ്പെട്ടത്. മാരകായുധങ്ങൾ ഉപയോഗിച്ച് കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചുവെന്നും കഴുത്തിന് പരിക്കേൽപ്പിച്ചുവെന്നും കാണിച്ചായിരുന്നു ഗൺമാൻ പോലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അഞ്ചോളം കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കേസിന്റെ തുടക്കം മുതൽ തന്നെ മന്ത്രി ഉന്നയിച്ച പരിക്കുകളെക്കുറിച്ചും ആക്രമണത്തിന്റെ വ്യാപ്തിയെക്കുറിച്ചും വലിയ സംശയങ്ങൾ ഉയർന്നുവന്നിരുന്നു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മന്ത്രിയുടെ അവശതകളും പരിക്കേറ്റെന്ന പ്രചാരണങ്ങളും കേവലം രാഷ്ട്രീയ നാടകം മാത്രമായിരുന്നുവെന്ന് അന്നുതന്നെ പരക്കെ വിമർശനം ഉയർന്നിരുന്നു.സത്യം മൂടിവെക്കാൻ എത്ര ശ്രമിച്ചാലും അത് ഒരുനാൾ പുറത്തുവരുമെന്ന കാര്യം ശരിവെക്കുന്ന തരത്തിലാണ് കേസിന്റെ തുടർനടപടികൾ പുരോഗമിച്ചത്. മാധ്യമങ്ങൾക്ക് മുന്നിലും പൊതുവേദികളിലും കെഎസ്‌യു പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്ന മട്ടിൽ പ്രചാരണം നടത്തിയ മുൻ മന്ത്രി, പോലീസിന് മൊഴി നൽകേണ്ട ഘട്ടം വന്നപ്പോൾ പൂർണ്ണമായും പിന്മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകാൻ തയ്യാറാകാതെ പലവിധ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു അവർ. ഒടുവിൽ സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ മൊഴി നൽകിയപ്പോൾ, ആയുധം ഉപയോഗിച്ചുള്ള ആക്രമണമോ വധശ്രമമോ ഉണ്ടായിട്ടില്ലെന്നും കരിങ്കൊടി പ്രതിഷേധത്തിനിടയിൽ സാധാരണഗതിയിൽ ഉണ്ടാകുന്ന ഉന്തും തള്ളും മാത്രമാണ് നടന്നതെന്നും മുൻ മന്ത്രി സമ്മതിച്ചു. ഇതോടെ സ്വന്തം ഭരണസ്വാധീനം ഉപയോഗിച്ച് കെ എസ് യു പ്രവർത്തകരെ പൂട്ടാൻ മെനഞ്ഞെടുത്ത കള്ളക്കഥകളുടെ കെട്ടഴിയുകയായിരുന്നു.
എന്നാൽ ഭരണം മാറുകയും ആഭ്യന്തര വകുപ്പിന്റെ ചുമതല രമേശ് ചെന്നിത്തല ഏറ്റെടുക്കുകയും ചെയ്തതോടെ നീതിപൂർവ്വമായ അന്വേഷണത്തിന് വഴിതുറന്നിരിക്കുകയാണ്. മുൻ മന്ത്രി നടത്തിയ കള്ളക്കഥകൾക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ടി. ഒ. മോഹനൻ എംഎൽഎയും കേസിൽ ഉൾപ്പെടുത്തപ്പെട്ട കെഎസ്‌യു പ്രവർത്തകരും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിജിപിയുടെ ഉത്തരവ് പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും കെഎപി നാലാം ബറ്റാലിയൻ കമാണ്ടൻ്റ് യു. പ്രേമനെ സംഘത്തലവനായി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ സിറ്റി എസിപി ആസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. നിയമോപദേശം തേടിയ ശേഷമുള്ള ഈ നീക്കം, വ്യാജ കേസുകൾ ചമച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടിയ മുൻ മന്ത്രിക്കും അവർക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും ഒരുപോലെ വലിയ കുരുക്കായി മാറുമെന്നതിൽ സംശയമില്ല. രമേശ് ചെന്നിത്തലയുടെ മേൽനോട്ടത്തിലുള്ള പോലീസ് സംവിധാനം നിഷ്പക്ഷമായി അന്വേഷണം പൂർത്തിയാക്കുന്നതോടെ, വീണാ ജോർജ്ജിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായി ഈ കേസ് മാറും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)