ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരമില്ല: ദേശീയപാതയോരത്തെ ഭൂവുടമകൾക്കും ആശ്വാസമാകുമോ?
കോടതി ഉത്തരവുകൾ മുൻഗണനയോടെ നടപ്പാക്കാൻ ധനവകുപ്പ്; വർഷങ്ങളായി നഷ്ടപരിഹാരം കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ
കാസർകോട്: സ്വകാര്യ വ്യക്തികളുടെ ഭൂമി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിവിധ ആവശ്യങ്ങൾക്കായി ഏറ്റെടുത്ത ശേഷം അർഹമായ നഷ്ടപരിഹാരം നൽകാതെ നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യം അവസാനിപ്പിക്കാൻ ധനവകുപ്പ് കർശന നിർദേശം നൽകിയതോടെ കാസർകോട് ജില്ലയിലും പ്രതീക്ഷ ഉയരുന്നു. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭിക്കാതെ തർക്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഭൂവുടമകൾക്കും വീട്ടുടമകൾക്കും പുതിയ ഉത്തരവ് ആശ്വാസമാകുമോയെന്നാണ് പ്രധാന ചോദ്യം.

ജില്ലയിലെ ദേശീയപാതയോരത്തെ വിവിധ മേഖലകളിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചിലയിടങ്ങളിൽ സർവീസ് റോഡുകളുടെയും നടപ്പാതകളുടെയും നിർമാണവും പൂർണമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. വിഷയത്തിൽ വ്യാപക വിമർശനം ഉയർന്നതിനെ തുടർന്ന് നടപ്പാത നിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സുപ്രീംകോടതി സർക്കാറുകൾക്ക് കർശന നിർദേശവും നൽകിയിരുന്നു.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ കോടതി ഉത്തരവുകൾ സമയബന്ധിതമായി നടപ്പാക്കാത്തത് കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെയാണ് ധനവകുപ്പിന്റെ പുതിയ ഇടപെടൽ. നഷ്ടപരിഹാര കേസുകളിൽ കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ മുൻഗണനാപൂർവം നടപ്പാക്കണമെന്നും, കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ നഷ്ടപരിഹാരം നൽകാൻ ആവശ്യമായ ഫണ്ട് മുൻകൂട്ടി അനുവദിക്കണമെന്നും ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുത്തശേഷം നഷ്ടപരിഹാരം നൽകുന്നത് സർക്കാറിന്റെ ‘ജീവകാരുണ്യ പ്രവർത്തനം’ അല്ലെന്നും, മഹാമനസ്കത കാട്ടുന്നതുപോലെ നഷ്ടപരിഹാരം അനുവദിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ച് 2024 ഫെബ്രുവരിയിൽ വ്യക്തമാക്കിയിരുന്നു. അർഹമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും വൈകിപ്പിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും വിവിധ ഘട്ടങ്ങളിൽ കോടതികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ധനവകുപ്പിന്റെ പുതിയ നിർദേശം കാസർകോട് ജില്ലയിൽ ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുനൽകിയിട്ടും നഷ്ടപരിഹാരം ലഭിക്കാതെ നിയമപോരാട്ടം തുടരുന്നവർക്കും പ്രയോജനപ്പെടുമോയെന്നതാണ് ഇനി ശ്രദ്ധേയമായ വിഷയം. വർഷങ്ങളായി കാത്തിരിക്കുന്ന ഭൂവുടമകൾക്ക് കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം വേഗത്തിൽ ലഭിക്കുന്നതിനുള്ള വഴിതുറക്കുമോ എന്നതും നിർണായകമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)