‘മൊഴി പിന്‍വലിക്കണമെന്ന്’ ഹസൻ വാരിസ്; ‘നടക്കില്ലെന്ന് ഇ.ഡി.

റിയാസിനെതിരായ മൊഴി പിന്‍വലിക്കണമെന്ന ആവശ്യം തള്ളി; വിചാരണ സമയത്ത് മാത്രമേ മൊഴിയിൽ നിന്ന് പിന്മാറാനാകൂവെന്ന് ഇ.ഡി.

Sep 11, 2026 - 16:23
0
‘മൊഴി പിന്‍വലിക്കണമെന്ന്’ ഹസൻ വാരിസ്; ‘നടക്കില്ലെന്ന് ഇ.ഡി.

കോഴിക്കോട്: റെയ്ഡിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) നൽകിയ മൊഴി ഇപ്പോൾ പിന്‍വലിക്കാനാകില്ലെന്ന് ഇ.ഡി. വ്യക്തമാക്കി. വിചാരണ ഘട്ടത്തിൽ മാത്രമേ മൊഴിയിൽ നിന്ന് പിന്മാറാനുള്ള അവസരമുള്ളൂവെന്നും ഇ.ഡി. നിലപാടെടുത്തു. സി.എം.ആർ–എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ് മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ സത്യവാങ്മൂലത്തിനുള്ള മറുപടിയിലാണ് ഇ.ഡി. നിലപാട് വ്യക്തമാക്കിയത്.

മൊഴി പിന്‍വലിക്കണമെന്ന ഹസൻ വാരിസിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഇ.ഡി. നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇ.ഡി. ആസ്ഥാനത്തേക്ക് നൽകേണ്ട സത്യവാങ്മൂലമല്ല ഇതെന്നും, മൊഴിയിൽ നിന്ന് പിന്മാറണമെങ്കിൽ വിചാരണ സമയത്ത് കോടതിയിലാണ് ഉന്നയിക്കേണ്ടതെന്നും അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടി. പി.എം.എൽ.എ നിയമത്തിലെ സെക്ഷൻ 50 പ്രകാരം ഇ.ഡിക്ക് മുമ്പാകെ രേഖപ്പെടുത്തുന്ന മൊഴി നിലനിൽക്കുമെന്നും, ഹസൻ വാരിസിനെ ചോദ്യം ചെയ്തതടക്കമുള്ള നടപടികൾ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണെന്നും ഇ.ഡി. വ്യക്തമാക്കി.

അതേസമയം, ഇ.ഡി. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് മുഹമ്മദ് റിയാസിനെതിരെ മൊഴി നൽകിയതെന്നാണ് ഹസൻ വാരിസിന്റെ ആരോപണം. മകളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിനെ തുടർന്നാണ് മൊഴി നൽകിയതെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. കഴിഞ്ഞ മാസം 18നാണ് കോഴിക്കോട് ഹസൻ വാരിസിന്റെ വീട്ടിൽ ഇ.ഡി. റെയ്ഡ് നടത്തിയത്.

റിയാസിന്റെ കള്ളപ്പണം ദുബായിലുള്ള ഫൈജാസിന് കൈമാറാൻ വാരിസ് ഇടനിലക്കാരനായെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. വാരിസ് ഒപ്പിട്ട് നൽകിയ മൊഴിയിൽ ഇതുസംബന്ധിച്ച വിവരങ്ങളുണ്ടായിരുന്നുവെന്നാണ് ഇ.ഡി. പറയുന്നത്. റിയാസിനെതിരായ നിർണായക തെളിവായി ഈ മൊഴിയെ ഇ.ഡി. കാണുന്ന സാഹചര്യത്തിലാണ്, പിന്നീട് മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹസൻ വാരിസ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഈ ആവശ്യം തള്ളിക്കൊണ്ടുള്ള ഇ.ഡിയുടെ നിലപാടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User