ഭാര്യയെ ഉപേക്ഷിച്ചാൽ ശമ്പളം വെട്ടും! ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും 20%; സർക്കാർ ജീവനക്കാർക്ക് അസം മുഖ്യമന്ത്രിയുടെ പൂട്ട്
ഗുവഹാത്തി: നിയമപരമായി വിവാഹമോചനം നേടാതെ ഭാര്യയെ ഉപേക്ഷിക്കുകയോ ഒന്നിലധികം വിവാഹം കഴിക്കുകയോ ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 20 ശതമാനം തുക വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ശമ്പളത്തിൽ നിന്ന് പിടിച്ചെടുക്കുന്ന ഈ തുക ഉപേക്ഷിക്കപ്പെട്ട ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുവഹാത്തിയിലെ ഖാനാപ്പാറയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമനടപടികൾ പൂർത്തിയാകുന്നതുവരെ ആദ്യ ഭാര്യയ്ക്ക് ജീവനാംശത്തിനായി കാത്തിരിക്കേണ്ടി വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന സമയത്തും ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തുക കുറവ് ചെയ്യും. ഉപേക്ഷിക്കപ്പെട്ട ഭാര്യമാർ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തുക ഈടാക്കുക.
നിയമവിരുദ്ധമായി ഒന്നിലധികം വിവാഹം കഴിക്കുകയോ മറ്റ് സ്ത്രീകളോടൊപ്പം കഴിയുകയോ ചെയ്യുന്ന സംഭവങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർശന നടപടി. ചട്ടലംഘനം നടത്തുന്ന ജീവനക്കാർക്കെതിരെ മറ്റ് നിയമനടപടികളും ഉണ്ടാകും. ബഹുഭാര്യത്വം നേരത്തെ തന്നെ നിരോധിച്ച അസം സർക്കാർ, ഭാവിയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരെക്കൂടി ഈ നിയമപരിധിയിൽ കൊണ്ടുവരാൻ പുതിയ നിയമനിർമ്മാണം ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
സംസ്ഥാനത്ത് ബാലവിവാഹം പൂർണ്ണമായും തുടച്ചുനീക്കാനുള്ള പോരാട്ടം തുടരുമെന്നും അസം പോലീസിന്റെ എമർജൻസി 112 സേവനങ്ങൾ കൂടുതൽ ആധുനികീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)