20 വർഷം പൊലീസിനെ വെട്ടിച്ച് ‘സാബു’യായി ജീവിച്ചു; ഒടുവിൽ രാകേഷ് ബെംഗളൂരുവിൽ പിടിയിൽ

ഇരട്ടക്കൊലപാതക കേസുകളിലും വധശ്രമക്കേസിലും പ്രതിയായ RSS പ്രവർത്തകൻ രാകേഷ് ; പഴയ അവ്യക്ത ചിത്രം വഴിത്തിരിവായി, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ്

Aug 18, 2026 - 13:54
Updated: 3 hours ago
0
20 വർഷം പൊലീസിനെ വെട്ടിച്ച് ‘സാബു’യായി ജീവിച്ചു; ഒടുവിൽ രാകേഷ് ബെംഗളൂരുവിൽ പിടിയിൽ

കണ്ണൂർ: ഇരട്ടക്കൊലപാതക കേസുകളിലും വധശ്രമ കേസിലും പ്രതിയായി 20 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂർ താവക്കര സ്വദേശി  ആർ എസ് എസ് പ്രവർത്തകൻ രാകേഷ്  ബംഗളൂരുവിൽ പിടിയിൽ. ‘സാബു’ എന്ന വ്യാജപേരിൽ രണ്ട് പതിറ്റാണ്ടായി ബെംഗളൂരുവിൽ താമസിച്ചുവരികയായിരുന്ന ഇയാളെ കണ്ണൂർ സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് കാന്ത് റെഡ്ഡി ഐപിഎസിന്റെയും എസിപി ആസാദിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. വർഷങ്ങളായി പൊലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന രാകേഷിനെ കണ്ടെത്താൻ സാങ്കേതിക അന്വേഷണവും രഹസ്യവിവര ശേഖരണവും ശക്തമാക്കിയിരുന്നു.

സിനിമാ നടനാകാൻ പോകുകയാണെന്നും ഫോട്ടോകൾ ആവശ്യമുണ്ടെന്നും വീട്ടുകാരെ വിശ്വസിപ്പിച്ച് സ്വന്തം വീട്ടിലുണ്ടായിരുന്ന ചിത്രങ്ങൾ വരെ രാകേഷ് മാറ്റിയിരുന്നു. ഇതോടെ ഇയാളുടെ വ്യക്തമായ ചിത്രം പൊലീസിന് ലഭിക്കുന്നത് ബുദ്ധിമുട്ടായി. പിന്നീട് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തിയ പഴയൊരു അവ്യക്തമായ ചിത്രമാണ് അന്വേഷണത്തിൽ നിർണായകമായത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തൃശൂർ സ്വദേശിനിയെ വിവാഹം കഴിച്ച് ബെംഗളൂരുവിലാണ് രാകേഷ് താമസിച്ചിരുന്നത്. ഇവിടെ ‘സാബു’ എന്ന പേരാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. യഥാർഥ വ്യക്തിത്വം മറച്ചുവെച്ച് സാധാരണ ജീവിതം നയിച്ചുവരികയായിരുന്നു.

ഇതിനിടെ ബെംഗളൂരുവിൽ മലയാളി നടത്തുന്ന ഒരു കാറ്ററിങ് സ്ഥാപനത്തിൽ രാകേഷിനെ കണ്ടതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചു.

തുടർന്ന് രാകേഷ് ഉപയോഗിച്ചിരുന്ന ബൈക്കിന്റെ ആർ.സി വിവരങ്ങളും ഫോൺ നമ്പറും പൊലീസ് പരിശോധിച്ചു. ഇവ രാകേഷിന്റെ പേരിലുള്ളതാണെന്ന് സ്ഥിരീകരിച്ചതോടെ ബെംഗളൂരുവിൽ ‘സാബു’ എന്ന പേരിൽ കഴിയുന്നത് പിടികിട്ടാപ്പുള്ളിയായ രാകേഷ് തന്നെയാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു.

തുടർന്നാണ് ഇന്നലെ അർധരാത്രിയോടെ പ്രത്യേക അന്വേഷണ സംഘം ഇയാളെ വളഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തത്. 20 വർഷത്തോളം പൊലീസിനെ വെട്ടിച്ച് വ്യാജപേരിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത് കണ്ണൂർ സിറ്റി പൊലീസിന്റെ അന്വേഷണത്തിലെ നിർണായക നേട്ടമായാണ് വിലയിരുത്തുന്നത്.

രാകേഷിന്റെ 20 വർഷത്തെ ഒളിവുജീവിതം, ഇയാളെ സഹായിച്ചവർ, ബെംഗളൂരുവിൽ വ്യാജപേരിൽ കഴിഞ്ഞിരുന്ന കാലത്തെ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്. കേസിലെ തുടർനടപടികൾക്കായി പ്രതിയെ കേരളത്തിലെത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User