മംഗളൂരു ജംഗ്ഷൻ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയത് കേരളത്തോടുള്ള കൊടുംവഞ്ചന: വി. എ. നാരായണൻ
കേരളത്തിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടിയാകും; നടപടി ഉടൻ പിൻവലിക്കണമെന്ന് ആവശ്യം
കാസർഗോഡ്: പാലക്കാട് റെയിൽവേ ഡിവിഷനിൽ ഏറെ വരുമാനം ലഭിക്കുന്ന മംഗളൂരു ജംഗ്ഷൻ മൈസൂരു റെയിൽവേ ഡിവിഷനിൽ ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള കൊടുംവഞ്ചനയാണെന്ന് കെപിസിസി ട്രഷറർ വി. എ. നാരായണൻ. മംഗളൂരു ജംഗ്ഷൻ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റിയത് കേരളത്തിന്റെ റെയിൽവേ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കന്യാകുമാരി ഉൾപ്പെടുന്ന തിരുവനന്തപുരം ഡിവിഷനും മംഗളൂരു ജംഗ്ഷൻ ഉൾപ്പെടുന്ന പാലക്കാട് ഡിവിഷനും ചേർത്ത് പുതിയ റെയിൽവേ സോൺ രൂപീകരിക്കണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യമാണ് കേന്ദ്ര സർക്കാർ തകർത്തതെന്ന് നാരായണൻ ആരോപിച്ചു.

റെയിൽവേ വികസന പ്രവർത്തനങ്ങൾക്ക് വരുമാനം പ്രധാന മാനദണ്ഡമായിരിക്കെ, ഉയർന്ന വരുമാനമുള്ള മംഗളൂരു ജംഗ്ഷനെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റുന്നത് വലിയ വരുമാന നഷ്ടത്തിന് ഇടയാക്കും. ഇത് കേരളത്തിലെ റെയിൽവേ വികസന പദ്ധതികൾക്ക് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ഏതായാലും സംസ്ഥാനത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റേണ്ടത് ഓരോ സംസ്ഥാന ഘടകത്തിന്റെയും മിനിമം ഉത്തരവാദിത്വമാണെന്നും ബിജെപിയുടെ കേരള ഘടകം അതുപോലും മറന്നുപോയെന്നും നാരായണൻ വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള പകപോക്കൽ നയം അവസാനിപ്പിക്കണമെന്നും മംഗളൂരു ജംഗ്ഷനെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെപിസിസിയുടെ ആഹ്വാനപ്രകാരം കാസർഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗളൂരു ജംഗ്ഷനെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസർഗോഡ് മല്ലികാർജുന ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥയിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. റെയിൽവേ സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ ഡിസിസി പ്രസിഡന്റ് പി. കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം. സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ, യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, അഡ്വ. എ. ഗോവിന്ദൻ നായർ, പി. ജി. ദേവ്, സാജിദ് മൗവ്വൽ, ബി. പി. പ്രദീപ് കുമാർ, വി. ആർ. വിദ്യാസാഗർ, കെ. പി. പ്രകാശൻ, ഡോ. കെ. വി. ശശിധരൻ, ഗീതാ കൃഷ്ണൻ, ധന്യ സുരേഷ്, കെ. ഖാലിദ്, കെ. ബലരാമൻ നമ്പ്യാർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)