രാഹുൽ നിർത്തിയിടത്ത് നിന്ന് പിഷാരടി തുടങ്ങി; പാലക്കാടിന് പുതിയ വികസന മാതൃക
മുൻഗാമി നിർത്തിവെച്ച പദ്ധതികൾ പുനരാരംഭിച്ചും പുതിയ വികസന-ക്ഷേമ പദ്ധതികൾക്ക് തുടക്കമിട്ടും പാലക്കാട് എംഎൽഎ രമേശ് പിഷാരടി തന്റെ ആദ്യ 100 ദിവസത്തെ പ്രവർത്തനങ്ങൾ അക്കമിട്ട് അവതരിപ്പിക്കുന്നു.
"രാഷ്ട്രീയക്കാരനായ സിനിമാ നടന്റെ അല്ല, സിനിമാ നടനായ രാഷ്ട്രീയക്കാരന്റെയുമല്ല രാഷ്ട്രീയം എപ്പോഴും എന്റെ ഉള്ളിലുണ്ട് എന്ന് പറയുന്ന രമേശ് പിഷാരടിയുടെ" ആ വാക്കുകളിൽ തന്നെയാണ് ഈ പൊളിറ്റിക്കൽ യാത്രയുടെ യഥാർത്ഥ ആവേശം കുടികൊള്ളുന്നത്. കന്നി അങ്കത്തിൽ തന്നെ പാലക്കാടൻ മണ്ണിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച്, സത്യപ്രതിജ്ഞയും കഴിഞ്ഞ് 100 ദിവസം പിന്നിടുമ്പോൾ "പാലക്കാടിന്റെ എംഎൽഎ ആയ ഞാൻ എന്തൊക്കെ ചെയ്തു" എന്ന് രമേശ് പിഷാരടി അക്കമിട്ടു നിരത്തുകയാണ്. അതിൽ കേവലമൊരു ജനപ്രതിനിധിയുടെ വെറും അവകാശവാദങ്ങളല്ല, മറിച്ച് അപാരമായൊരു രാഷ്ട്രീയ ആർജ്ജവമാണ് തെളിഞ്ഞുനിൽക്കുന്നത്. കോൺഗ്രസ് പുറത്താക്കിയ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എവിടെയാണോ വികസന പദ്ധതികൾ നിർത്തിയത്, ഏതൊക്കെ പദ്ധതികൾ തുടങ്ങിയോ അത് എവിടെയൊക്കെ നിർത്തിയോ അവിടം വെച്ച് വീണ്ടും ഞാൻ തുടങ്ങിയിരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട്, "ഒരു ജനപ്രതിനിധി എന്നാൽ തുടർച്ചയാണ്" എന്ന് കൃത്യമായി കാണിക്കുകയാണ് അദ്ദേഹം. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തതൊക്കെ ഇന്ന് ഞാൻ ചെയ്യണമെന്നോ എന്ന് ചോദിച്ച് മാറ്റിനിർത്തുകയല്ല, പകരം മണ്ഡലത്തിന്റെ താല്പര്യം മുൻനിർത്തി ഓരോന്നും കൃത്യമായി ചെയ്തു തീർത്ത് കേരള രാഷ്ട്രീയത്തിന് തന്നെ ഒരു പുതിയ മാതൃക തീർക്കുകയാണ് ഈ പുതുമുഖ എംഎൽഎ.
വികസന പ്രവർത്തനങ്ങളെ രാഷ്ട്രീയ വൈരാഗ്യങ്ങൾക്കപ്പുറം ജനങ്ങൾക്ക് മുന്നിൽ പരസ്യമായി തുറന്നുകാട്ടുന്നതാണ് പിഷാരടിയുടെ ഈ 100 ദിന റിപ്പോർട്ട്. മുൻഗാമികളുടെ കാലത്ത് അനുമതി കാത്തു കിടന്നതും സാങ്കേതിക കുരുക്കിൽപ്പെട്ട് അനിശ്ചിതത്വത്തിലായതുമായ എഴുപതോളം പദ്ധതികൾക്കാണ് ഈ ചുരുങ്ങിയ കാലയളവിൽ അദ്ദേഹം വീണ്ടും ജീവൻ നൽകി ഉദ്ഘാടനം ചെയ്തു പൂർത്തിയാക്കിയത്. മണ്ഡലത്തിലെ യാത്രാപ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമായി പാലക്കാട് സിറ്റി ബസ് സർവീസുകൾ ആരംഭിച്ച് നഗരത്തെ വീണ്ടും ചലനാത്മകമാക്കാനും കെഎസ്ആർടിസിയുടെ വിവിധ വികസന ഘട്ടങ്ങൾ സമയബന്ധിതമായി യാഥാർത്ഥ്യമാക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇതിനുപുറമേ, വികസനകാര്യങ്ങളിൽ രാഷ്ട്രീയം കലർത്താതെ മന്ത്രി തുളസി ഉൾപ്പെടെയുള്ള ഭരണാധികാരികളുമായും ജില്ലാ കളക്ടറുമായും മറ്റ് ജനപ്രതിനിധികളുമായും കൈകോർത്ത് ഗവ. മെഡിക്കൽ കോളേജ് വികസനത്തിനായി പ്രത്യേക സമിതിരൂപീകരിച്ച് മുന്നിട്ടിറങ്ങിയ പിഷാരടിയുടെ ഏകോപന മികവിനെ രാഷ്ട്രീയ ഭേദമന്യേ ഏവരും വാനോളം പുകഴ്ത്തുകയാണ്...ഭരണമികവിനൊപ്പം തന്നെ സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും കണ്ണീരൊപ്പാൻ ഈ എംഎൽഎ എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നു എന്നതാണ് പാലക്കാട്ടുകാർക്ക് ഏറ്റവും വലിയ ആശ്വാസമാകുന്നത്. കടുത്ത സാമ്പത്തിക ബാധ്യത മൂലം ചികിത്സ മുടങ്ങുന്ന രോഗികൾക്കായി നെന്മാറയിലെ 'കിംസ് അവൈറ്റിസ്' ഹോസ്പിറ്റലുമായി ചേർന്ന് 50 പേർക്ക് സൗജന്യമായി വൃക്ക മാറ്റിവെക്കുന്ന 'റിവൈവ്' എന്ന ബൃഹത്തായ പദ്ധതിക്കാണ് അദ്ദേഹം തുടക്കമിട്ടത്. കൂടാതെ, നടൻ മമ്മൂട്ടിയുടെ 'കേയർ ആൻഡ് ഷെയർ' ഫൗണ്ടേഷനുമായും ആലുവ രാജഗിരി ഹോസ്പിറ്റലുമായും സഹകരിച്ച് 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പീഡിയാട്രിക് ഹാർട്ട് സർജറി ഉറപ്പാക്കുന്ന 'ഹൃദ്യം' പദ്ധതിയിലൂടെയും, കേൾവി പരിമിതിയുള്ളവർക്ക് ഹിയറിങ് എയ്ഡുകൾ വിതരണം ചെയ്തതിലൂടെയും അനേകം കുടുംബങ്ങളിലാണ് അദ്ദേഹം പുതിയൊരു വെളിച്ചം വീശിയത്. കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നോടൊപ്പം രാപ്പകലില്ലാതെ കൂടെ നിന്ന് പിന്നീട് വേർപിരിഞ്ഞുപോയ സഹപ്രവർത്തകരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി ധനസഹായം എത്തിക്കാനും അദ്ദേഹം മറന്നില്ല. ജനപ്രതിനിധിയെന്നാൽ കേവലം വാക്കുകളിൽ പോരടിക്കുന്ന ആളല്ല, മറിച്ച് ജനങ്ങളുടെ സങ്കടങ്ങളിൽ ഓടിയെത്തുന്ന യഥാർത്ഥ വികസന ശില്പിയാണെന്ന് അക്കമിട്ടു നിരത്തിയ ഈ 100 ദിവസത്തെ റിപ്പോർട്ടിലൂടെ തെളിയിക്കുകയാണ് രമേശ് പിഷാരടി...
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)