പിണറായിക്കെതിരെ കേസെടുക്കാമെന്ന ഇഡി കത്ത്; എജിയുടെ നിയമോപദേശം തേടി സർക്കാർ, കോൺഗ്രസിൽ ഭിന്നാഭിപ്രായം

കേസെടുക്കണമോ, പ്രാഥമിക അന്വേഷണം നടത്തണമോ? നിയമപരിശോധനയ്ക്ക് സർക്കാർ; ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം

Sep 09, 2026 - 08:57
0
പിണറായിക്കെതിരെ കേസെടുക്കാമെന്ന ഇഡി കത്ത്; എജിയുടെ നിയമോപദേശം തേടി സർക്കാർ, കോൺഗ്രസിൽ ഭിന്നാഭിപ്രായം

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കത്തിൽ സർക്കാർ നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിന്റെ (എജി) നിയമോപദേശമാണ് സർക്കാർ തേടിയിരിക്കുന്നത്. ഇഡിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നേരിട്ട് കേസ് രജിസ്റ്റർ ചെയ്യണമോ, കേസ് എടുക്കുന്നതിനാവശ്യമായ വിവരങ്ങൾ ബന്ധപ്പെട്ട അന്വേഷണ ഏജൻസിക്ക് കൈമാറണമോ, അതോ പ്രാഥമിക അന്വേഷണം നടത്തണമോ തുടങ്ങിയ കാര്യങ്ങളിലാണ് നിയമപരിശോധന.

അതേസമയം, വിഷയത്തിൽ കോൺഗ്രസിനുള്ളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. പിണറായി വിജയനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ നടപടി രാഷ്ട്രീയമായി തിരിച്ചടിയാകുമോയെന്ന് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കാവൂ എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഇത്തരമൊരു നീക്കത്തിലൂടെ ബിജെപിക്ക് രാഷ്ട്രീയ മേൽക്കൈ ലഭിക്കുന്ന സാഹചര്യമുണ്ടാകുമോയെന്ന ആശങ്കയും കോൺഗ്രസിലെ ചില നേതാക്കൾ പങ്കുവെക്കുന്നുണ്ട്.

മാസപ്പടി കേസിലെ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. രാഷ്ട്രീയമായും നിയമപരമായും വിഷയത്തെ നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഇഡി നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

വീണാ വിജയനെതിരായ അന്വേഷണത്തിനിടെ ഇഡി തന്നെ പുറത്തുവിട്ട ചില വിവരങ്ങൾ ഉപയോഗിച്ചാണ് ഇപ്പോൾ പിണറായി വിജയനിലേക്ക് അന്വേഷണം എത്തിക്കാൻ ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എസ്എഫ്ഐഒ റിപ്പോർട്ടിൽ പിണറായി വിജയന്റെ പേര് പരാമർശിക്കപ്പെട്ട ഘട്ടത്തിൽ തന്നെ കേസിന്റെ ദിശ സംബന്ധിച്ച് പാർട്ടിക്ക് വ്യക്തതയുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

182 കോടിയുടെ കണക്കും സംഭാവനകൾ സംബന്ധിച്ച വിവരങ്ങളും നേരത്തെ തന്നെ പുറത്തുവന്നതാണ്. അതിൽ നിലവിലെ ഭരണകക്ഷിയുമായി ബന്ധപ്പെട്ട നേതാക്കളും ഉൾപ്പെടുന്നുണ്ട്. എന്നാൽ ഒരു പ്രത്യേക വിഷയത്തെ മാത്രം തെരഞ്ഞെടുത്ത് കേസ് രൂപപ്പെടുത്തുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. മറ്റുള്ളവർക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.

പിണറായി വിജയനെതിരെ യുഡിഎഫ് സർക്കാർ കേസെടുത്താൽ അത് ബിജെപി-കോൺഗ്രസ് ധാരണയുടെ ഭാഗമാണെന്ന് ആരോപിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.

ഇതിനിടെ, സംസ്ഥാന സർക്കാരിന്റെ നിയമോപദേശം ലഭിച്ച ശേഷമായിരിക്കും വിഷയത്തിൽ തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുക. മാസപ്പടി കേസിൽ ഇഡിയുടെ നീക്കം രാഷ്ട്രീയ-നിയമ മേഖലയിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User