വോട്ടുപെട്ടിയിൽ നിന്ന് ജനജീവിതത്തിലേക്ക്; പാലക്കാട്ട് പുതിയ ദൗത്യവുമായി രമേഷ് പിഷാരടി
പാലക്കാട് മണ്ഡലത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് CPR പരിശീലനം നൽകി അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ പ്രാപ്തരാക്കുന്ന ‘ഓട്ടോരക്ഷ’ പദ്ധതിയുമായി രമേഷ് പിഷാരടി.
പാലക്കാടിന്റെ മണ്ണിൽ ഇനി രമേഷ് പിഷാരഡിക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ലെന്ന് ഉറപ്പിച്ചു പറയാൻ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ തന്നെ ധാരാളമാണ്. തിരഞ്ഞെടുപ്പ് ഗോദയിൽ പേര് കേട്ടപ്പോൾ മുതൽ എതിരാളികൾ അഴിച്ചുവിട്ട വിമർശനശരങ്ങളെയും, കോൺഗ്രസിനുള്ളിലെ തർക്കങ്ങളെയും ഒക്കെ തന്റെ കൃത്യമായ പ്രവർത്തനശൈലി കൊണ്ട് അതിജീവിച്ചാണ് പിഷാരടി പാലക്കാട്ടുകാരുടെ പ്രിയങ്കരനായ ജനപ്രതിനിധിയായി മാറുന്നത്. "ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ച സ്ഥാനാർത്ഥി" എന്നും "ഹാസ്യനടനെ ഇറക്കി ബിജെപിയെ ചെറുക്കാൻ പറ്റില്ല" എന്നുമൊക്കെ എൽ.ഡി.എഫും ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിയും ഒക്കെ പ്രചരിപ്പിച്ചപ്പോൾ, തന്റെ രാഷ്ട്രീയ പാരമ്പര്യവും ജനങ്ങളോടുള്ള പ്രതിബദ്ധതയും മാത്രമായിരുന്നു പിഷാരടിയുടെ മറുപടി. മുൻപ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിറംമങ്ങി നിൽകുമായിരുന്ന പാലക്കാട് മണ്ഡലത്തെ, കോൺഗ്രസിലെ ഭിന്നാഭിപ്രായങ്ങൾ മറികടന്ന് ഷാഫി പറമ്പിൽ എം.പി ഉറച്ചുനിന്നാണ് രമേഷ് പിഷാരടിയിലേക്ക് എത്തിച്ചത്. ഒടുവിൽ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ എതിരാളികളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ തന്ത്രങ്ങളെയും കാറ്റിൽപ്പറത്തി പാലക്കാടിന്റെ മണ്ണ് പിഷാരടിയെ നെഞ്ചിലേറ്റുന്ന കാഴ്ചയാണ് കണ്ടത്.
വിജയിച്ചതിന് ശേഷം വെറും വാഗ്ദാനങ്ങൾ കൊടുത്ത് മാറിനിൽക്കാതെ, പറഞ്ഞ 100 ദിന കർമ്മപദ്ധതികൾ കൃത്യം 100 ദിവസം കൊണ്ട് പൂർത്തിയാക്കി അമ്പരപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. മെഡിക്കൽ കോളേജ് വികസനവും റെയിൽവേ പ്രശ്നങ്ങളും മുതൽ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ചെറിയ കാര്യങ്ങളിൽ വരെ ആത്മാർത്ഥമായി ഇടപെടാൻ അദ്ദേഹത്തിന് കഴിഞ്ഞു. നഗര നിവാസികൾ ഏറെക്കാലമായി കാത്തിരുന്ന കെ.എസ്.ആർ.ടി.സി സിറ്റി ബസ് സർവീസുകൾ ആരംഭിക്കുകയും, അതിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ജനപ്രിയ പദ്ധതികളുടെ ഉദാഹരണമാണ്. എവിടെയൊക്കെ മനുഷ്യർക്ക് പ്രശ്നങ്ങളുണ്ടോ, അവിടെയൊക്കെ സൂക്ഷ്മമായ സൊല്യൂഷനുകൾ കണ്ടെത്തി മുന്നേറുന്ന ഒരു എം.എൽ.എയെയാണ് പാലക്കാട്ടുകാർ ഇക്കഴിഞ്ഞ നാളുകളിൽ കണ്ടത്. വെറുമൊരു രാഷ്ടീയക്കാരന്റെ ചിന്തകൾക്കപ്പുറം, മനുഷ്യത്വത്തിന് പ്രാധാന്യം നൽകുന്ന ഇത്തരം ഇടപെടലുകളാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തുന്നത്.
ഇപ്പോഴിതാ, ആ ജനകീയ ഇടപെടലുകളുടെ അടുത്ത ഘട്ടമായി 'ഓട്ടോരക്ഷ' എന്ന വിപ്ലവാത്മകമായ ജീവൻരക്ഷാ പദ്ധതിയുമായി എത്തുകയാണ് രമേഷ് പിഷാരടി. ടർഫിൽ കളിച്ചുകൊണ്ടിരിക്കെ 11 വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ച ദാരുണ സംഭവത്തിൽ നിന്നാണ് ഈ ആശയത്തിന്റെ ഉദയം. ഒരാൾ വഴിയരികിലോ പൊതുസ്ഥലത്തോ കുഴഞ്ഞുവീഴുമ്പോൾ, അനുശോചനം രേഖപ്പെടുത്തുന്നതിനപ്പുറം ആ നിമിഷത്തിൽ ആ ജീവൻ രക്ഷിക്കാൻ എന്തുചെയ്യാനാകും എന്ന ചിന്തയിൽ നിന്നാണ് ഇതിന്റെ തുടക്കം. പൊതുജനങ്ങളുമായി ഏറ്റവും അടുപ്പമുള്ള ഓട്ടോ ഡ്രൈവർമാരെ ഒരു രക്ഷാസൈന്യമാക്കി മാറ്റാൻ കിംസ് ആശുപത്രിയിലെ പ്രൊഫഷണൽ ഡോക്ടർമാരുടെ സഹകരണത്തോടെ അവർക്ക് ശാസ്ത്രീയമായ സി.പി.ആർ (CPR) പരിശീലനവും സർട്ടിഫിക്കറ്റും നൽകുന്നു. സെപ്റ്റംബർ 29 ലോക ഹൃദയ ദിനത്തിൽ നടൻ കുഞ്ചാക്കോ ബോബന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്യുന്ന ഈ പദ്ധതി, പാലക്കാടിന്റെ തെരുവുകളിൽ അപകടത്തിലും അടിയന്തര സാഹചര്യങ്ങളിലും കാവലാളാകും. ജീവനും ജീവിതത്തിനും ഒരേപോലെ കാവലാകുന്ന ഇത്തരം മാതൃകാപരമായ പദ്ധതികളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ രമേഷ് പിഷാരഡിയിലൂടെ പാലക്കാട് ഇനി യു.ഡി.എഫിന്റെ പിടിച്ചെടുക്കാനാവാത്ത ഉറച്ച കോട്ടയായി മാറും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)