മൂന്നാമത്തെ കൊള്ള ; പിണറായിയുടെ വാതിൽ ചവിട്ടി തുറന്ന് മുരളീധരൻ

ശബരിമല ദേവസ്വം മെയിൻ സ്റ്റോറിലെ സാമ്പത്തിക ക്രമക്കേടുകളും സ്റ്റോക്ക് രേഖകളിലെ വീഴ്ചകളും ചൂണ്ടിക്കാട്ടുന്ന ദേവസ്വം വിജിലൻസ് റിപ്പോർട്ട് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നു.

മൂന്നാമത്തെ കൊള്ള ; പിണറായിയുടെ വാതിൽ ചവിട്ടി തുറന്ന് മുരളീധരൻ

കട്ട് മുടിച്ചിട്ടും തീർന്നില്ല പിണറായി സർക്കാരിന്റെ വീര കഥകൾ.  കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തെ തച്ചുടച്ച മുൻ പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ തുടർച്ചയായ കൊള്ളകളുടെയും അഴിമതികളുടെയും ഞെട്ടിക്കുന്ന മറ്റൊരു അധ്യായം കൂടി പുറത്തുവന്നിരിക്കുകയാണ്. ശബരിമലയിലെ സ്വർണ്ണക്കവർച്ചയും നെയ്യ് മറിച്ചുവിൽക്കൽ വിവാദങ്ങളും തഞ്ചത്തിൽ മുക്കാൻ ശ്രമിച്ച മുൻ ഭരണകൂടത്തിന് മുന്നിൽ, ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ ഇപ്പോൾ വലിയൊരു മറുപടിയായി മാറുകയാണ്. സ്വാമി അയ്യപ്പന്റെ തിരുസന്നിധിയെ പോലും സ്വന്തം കീശവീർപ്പിക്കാനും പാർട്ടി  അനുയായികൾക്കും വഴിവിട്ട നേട്ടങ്ങൾ കൊയ്യാനുമുള്ള താവളമാക്കി മാറ്റിയ മുൻ പിണറായി സർക്കാരിന്റെ ഭരണ പരാജയത്തിന്റെ ആഴമാണ് പുതിയ വിജിലൻസ് കണ്ടെത്തലുകളിലൂടെ ഒന്നിനു പുറകെ ഒന്നായി വെളിച്ചത്തുവരുന്നത്. അയ്യപ്പന്റെ ഓരോ തരി മണ്ണും തിരുവാഭരണവും വരെ ഊറ്റിയെടുക്കാൻ ശ്രമിച്ച ഒരു ഭരണകൂടത്തിന്റെ യഥാർത്ഥ മുഖമാണ് ജനങ്ങൾക്ക് മുന്നിൽ ഇതോടെ വീണ്ടും അനാവരണം ചെയ്യപ്പെടുന്നത്. ദേവസ്വം വിജിലൻസിന്റെ പുതിയ അന്വേഷണ റിപ്പോർട്ട് പ്രകാരം ശബരിമല മെയിൻ സ്റ്റോറിൽ സാധനങ്ങൾ വാങ്ങിയതിന്റെ പേരിൽ വൻതോതിലുള്ള ക്രമക്കേടുകളും വ്യാജ ഇടപാടുകളുമാണ് നടന്നിട്ടുള്ളത്. 2021-ൽ ദേവസ്വം വിജിലൻസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് ഈ ഗുരുതരമായ അഴിമതി വിവരങ്ങൾ പുറത്തുവന്നത്. മെയിൻ സ്റ്റോർ മുൻ സൂപ്രണ്ട് എസ്. മനുവിനെതിരെ ഉയർന്ന പരാതികളെക്കുറിച്ച് അന്വേഷിച്ച വിജിലൻസ് സംഘം, പിണറായി സർക്കാർ അധികാരം കൈയാളിയ 2017 മുതൽ 2020 വരെയുള്ള കാലയളവിൽ മാത്രം ഏകദേശം 10 ലക്ഷത്തോളം രൂപയുടെ ഭീമമായ സാമ്പത്തിക നഷ്ടമാണ് ബോർഡ് ഫണ്ടിൽ ഉണ്ടാക്കിയതെന്ന് വ്യക്തമാക്കുന്നു. ആവശ്യമായ സാധനങ്ങളുടെ ഇരട്ടിയിലധികം സ്റ്റോക്കിൽ വ്യാജമായി കാണിച്ചും, രേഖകളിൽ തിരിമറി നടത്തിയുമാണ് തട്ടിപ്പ് നടത്തിയത്. ഭക്തർക്ക് ഏറ്റവും പവിത്രമായ അഷ്ടാഭിഷേക വഴിപാടിനായി ആവശ്യമുള്ളതിന്റെ അഞ്ചിരട്ടി സാധനങ്ങൾ എടുത്തതായി വ്യാജ കണക്കുകൾ ഉണ്ടാക്കി ബോർഡിന്റെ പണം തട്ടിയെടുക്കുകയായിരുന്നു.

ഇതിനുപുറമേ, 2020-ൽ മെയിൻ സ്റ്റോറിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനകളിൽ കണക്കിൽപ്പെടാത്ത വലിയ അളവിലുള്ള തേനും അരവണ നിർമ്മാണത്തിനായുള്ള അസംസ്‌കൃത സാമഗ്രികളും പിടിച്ചെടുക്കുകയുണ്ടായി. എന്നാൽ ഞെട്ടിക്കുന്ന വസ്തുതയെന്തെന്നാൽ, പരിശോധനയ്ക്ക് ശേഷം അവിടെ ബാക്കിവന്ന ഈ സാമഗ്രികൾ പിന്നീട് എവിടെപ്പോയി എന്നതിനെക്കുറിച്ച് നിലവിൽ യാതൊരുവിധ വിവരവുമില്ല എന്നതാണ്. അരവണ നിർമ്മാണത്തിന് എത്തിച്ച ഇത്തരം സാധനങ്ങൾ കരിഞ്ചന്തയിൽ മറിച്ചുവിറ്റതാണോ അതോ രാഷ്ട്രീയ അടിയൊഴുക്കുകളിലൂടെ വിഴുങ്ങിയതാണോ എന്ന് സമഗ്രമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. അരവണ പാക്കിംഗിനായി എത്തിച്ച സാമഗ്രികളിൽ വൻതോതിൽ 'ഡാമേജ്' കാണിച്ചും വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കണ്ടെത്തൽ,ഭക്തരോട് മുൻ സർക്കാർ കാണിച്ച നിഷ്ഠൂരമായ വഞ്ചനയുടെ തെളിവാണ്.പിണറായി സർക്കാരിന്റെ കാലത്ത് ദേവസ്വം വകുപ്പും അതിന് കീഴിലെ ഉദ്യോഗസ്ഥ വൃന്ദവും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായി മാറുകയാണുണ്ടായത്. ഭക്തരുടെ ആത്മീയ വികാരങ്ങളെ ചവിട്ടിമെതിച്ച്, ശബരിമലയെ കേവലം ഒരു വരുമാന സ്രോതസ്സ് മാത്രമായി കണ്ട മുൻ സർക്കാരിന്റെ സമീപനമാണ് ഇത്തരം കോടികളുടെ കൊള്ളയ്ക്ക് വഴിയൊരുക്കിയത്. ക്ഷേത്ര ആചാരങ്ങളെ തകർക്കാൻ മുൻപന്തിയിൽ നിന്നവർ തന്നെ ക്ഷേത്രമുതലുകൾ കവരാൻ ഉദ്യോഗസ്ഥർക്ക് കുടപിടിച്ചു കൊടുത്തു എന്നത് തികച്ചും അപലപനീയമാണ്. മുൻ ഭരണകൂടത്തിന്റെ പിന്തുണയോടെ നടന്ന ഈ ആസൂത്രിത കൊള്ളകൾ ഓരോന്നായി വെളിച്ചത്തുവരുമ്പോൾ, ഇനി ഇത്തരത്തിലുള്ള ഒരു തിരിമറിയും അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് നിലവിലെ ദേവസ്വം വകുപ്പ് മന്ത്രി വി. മുരളീധരൻ മുന്നോട്ടുപോകുന്നത്. സുതാര്യത ഉറപ്പാക്കാനും ഭക്തരുടെ വിശ്വാസം സംരക്ഷിക്കാനും ദേവസ്വം ഭരണത്തിൽ കൃത്യമായ നിരീക്ഷണം കൊണ്ടുവരുമെന്നും അദ്ദേഹം ഇതിനോടകം തന്നെ പറഞ്ഞു കഴിഞ്ഞു.