കിഫ്ബി പണം രാഷ്ട്രീയ പ്രചാരണത്തിന്? ധനവകുപ്പ് റിപ്പോർട്ട് പുറത്ത്

കിഫ്ബിയിൽ നിന്ന് കോടിക്കണക്കിന് രൂപ രാഷ്ട്രീയ പ്രചാരണത്തിനും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട പ്രവർത്തനങ്ങൾക്കും ചെലവഴിച്ചെന്ന ആരോപണത്തിൽ ധനവകുപ്പ് പരിശോധന ശക്തമാക്കി.

Aug 22, 2026 - 10:41
0
കിഫ്ബി പണം രാഷ്ട്രീയ പ്രചാരണത്തിന്? ധനവകുപ്പ് റിപ്പോർട്ട് പുറത്ത്

കോടിക്കണക്കിന്  രൂപ ചെലവഴിച്ചിട്ടും എൽഡിഎഫിന്  തിരഞ്ഞെടുപ്പിൽ  ജയിക്കാനായിട്ടില്ല. സി.പി.എമ്മിന്റെ അടിത്തറയെത്തന്നെ ഉലച്ച പരാജയമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെപ്പിൽ കണ്ടത്. അങ്ങ് കാസർകോട് മുതൽ തിരുവനന്തപുരം വരെ റോഡായ റോഡുകളിലും കവലയായ കവലകളിലും  ആ ഒരൊറ്റ മുഖത്തെ മുൻനിർത്തി ഫ്ലെക്സുകൾ വയ്ക്കാനും മറ്റ് തിരഞ്ഞെടുപ്പ്  പ്രചാരങ്ങൾക്കും ചെലവഴിച്ചത് കോടികണക്കിന് രൂപയാണെന്ന കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവിവരുന്നത്. അതും പണം ചിലവഴിച്ചത് മറ്റെവിടുന്നുമല്ല കിഫ്ബിയിൽ നിന്നാണ്. അതും 240 കോടി ചിലവഴിച്ചതായാണ് ധനവകുപ്പിന്റെ കണ്ടെത്തൽ. ഇതിൽ തന്നെ 140 കോടിയോളം രൂപ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള മാസങ്ങളിലാണ് വകമാറ്റി ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു എന്ന വ്യാജേന, വോട്ടർമാരുടെ വാട്സാപ്പ് സന്ദേശങ്ങളായി പ്രചാരണം നടത്തുന്നതിന് മാത്രം 50.87 ലക്ഷം രൂപ കിഫ്ബി നൽകി. കൂടാതെ, കേവലം രണ്ടു മാസത്തെ സോഷ്യൽ മീഡിയ പ്രചാരണത്തിനായി 10.31 കോടി രൂപയും, സർക്കാരിന് അനുകൂലമായ വാർത്തകൾ ഓൺലൈൻ മാധ്യമങ്ങളിൽ വായനക്കാരുടെ മുൻഗണനാ ലിസ്റ്റിൽ എത്തിക്കുന്നതിനായി  4.41 കോടി രൂപയും ചെലവിട്ടു. ദേശീയപാതയോരങ്ങളിൽ യാത്രക്കാരുടെ ശ്രദ്ധ ആകർഷിക്കുന്ന രീതിയിലുള്ള വലിയ ഹോർഡിങ്ങുകൾ സ്ഥാപിക്കാൻ 4.27 കോടി രൂപ വേറെയും നൽകി. നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നടക്കം വൻ പലിശയ്ക്ക് എടുത്ത പണമാണ് ഇത്തരം രാഷ്ട്രീയ പരസ്യങ്ങൾക്കായി തടസ്സമില്ലാതെ ഒഴുക്കിയത്.  ഇത്തരം തുകകൾ ചെലവഴിക്കാൻ കിഫ്ബിക്ക് നിയമപരമായി അധികാരമുണ്ടോ എന്ന കാര്യമാണ് സർക്കാർ ഇപ്പോൾ പ്രധാനമായും പരിശോധിക്കുന്നത്. കിഫ്ബി എന്ന സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾക്കും ചുമതലകൾക്കും പുറത്തുള്ള രാഷ്ട്രീയ ദൗത്യമാണ് ബോർഡ് ഏറ്റെടുത്ത് നടത്തിയത് എന്ന് ധനവകുപ്പ് വ്യക്തമാക്കുന്നു. ഏറ്റവും ശ്രദ്ധേയമായ വസ്തുത, ഇത്തരം ഭീമമായ തുക പ്രചാരണങ്ങൾക്കായി ചെലവഴിക്കാൻ സർക്കാർ പ്രത്യേക ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല എന്നതാണ്. സർക്കാരിന്റെ നേരിട്ടുള്ള ഉത്തരവുകൾ ഇല്ലാതെ തന്നെ, കിഫ്ബി സ്വന്തം നിലയിൽ പ്രോജക്ടുകളുടെ വിവരണം എന്ന വ്യാജേന സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് ധനവകുപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. നിയമപരമായ അനുമതിയില്ലാതെ ഇത്രയും വലിയ തുക വകമാറ്റിയത് അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഇതിനുപുറമേ, കൺസൾട്ടൻസി സർവീസ് എന്ന മറവിൽ തെരഞ്ഞെടുപ്പ് സർവേകളും ഫീൽഡ് തലത്തിലുള്ള വിവരശേഖരണങ്ങളും നടത്താൻ കിഫ്ബി തുക ഉപയോഗിച്ചതായും ധനവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വോട്ടർമാരുടെ താത്പര്യങ്ങളും രാഷ്ട്രീയ ജനപ്രീതിയും അളക്കുന്നതിനുള്ള സർവേകൾക്ക് പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചത് തികച്ചും അനാശാസ്യമായ നടപടിയാണ്. ഏതൊക്കെ സ്വകാര്യ ഏജൻസികൾ വഴിയാണ് ഈ വിവരശേഖരണങ്ങളും സർവേകളും നടത്തിയത് എന്നും, ഇതിനായി ചെലവഴിച്ച തുക ഏത് അക്കൗണ്ടിംഗ് ഹെഡ്ഡിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും കണ്ടെത്താനുള്ള സമഗ്രമായ പരിശോധനകൾ നിലവിൽ പുരോഗമിക്കുകയാണ്. ചുരുക്കത്തിൽ, ജനങ്ങളുടെ മേൽ വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ച് ഉയർന്ന പലിശയ്ക്ക് എടുത്ത കിഫ്ബി ഫണ്ട്, മുൻ സർക്കാർ  രാഷ്ട്രീയ പ്രതിച്ഛായ വർദ്ധിപ്പിക്കാനും തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുമായി ഉപയോഗിച്ചു  എന്നുള്ളതാണ് സത്യം. പക്ഷെ പറഞ്ഞിട്ട്  എന്ത്  കാര്യം ഇത്രയും കോടി രൂപ ചെലവഴിച്ചിട്ടും  തെരഞ്ഞെടുപ്പിൽ ജയിക്കാനായില്ലെന്ന യാഥാർത്ഥ്യമാണ് ഒടുവിൽ തെളിഞ്ഞത്. ജനങ്ങളുടെ പൊതുമുതൽ ദുരുപയോഗം ചെയ്ത് നടത്തിയ ഈ വൻ സാമ്പത്തിക ലംഘനങ്ങൾക്കെതിരെ സതീശൻ സർക്കാർ കർശനമായ നിയമനടപടികളിലേക്കും സമഗ്രമായ അന്വേഷണത്തിലേക്കും കടക്കുന്നതോടെ, മുൻ സർക്കാരും അതിന് നേതൃത്വം നൽകിയവരും വലിയ രാഷ്ട്രീയ-നിയമ കുരുക്കുകളിലേക്കാണ് ചെന്നെത്തിപ്പെടുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User