ലോക കേരള സഭയിൽ യൂസഫലി നടത്തിയ പരാമർശം ദൗർഭാഗ്യകരം; വി.ഡി സതീശൻ

രാഷ്ട്രീയ കാരണ ങ്ങളാൽ പങ്കെടുക്കാത്തത്

ലോക കേരള സഭയിൽ യൂസഫലി നടത്തിയ പരാമർശം ദൗർഭാഗ്യകരം; വി.ഡി സതീശൻ

 എം എ യൂസഫലി ലോക കേരള സഭയിൽ നടത്തിയ പരാമർശം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്ട്രീയ കാരണങ്ങളാലാണ് പങ്കെടുക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചത്. ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചു. പ്രവാസികൾക്ക് ഭക്ഷണം നൽകുന്നതും താമസം ഒരുക്കുന്നതുമാണ് എതിർക്കുന്നതെന്ന യൂസഫലിയുടെ പരാമർശം നിർഭാഗ്യകരമാണ്. ശങ്കരനാരായണൻ തമ്പി ഹാളിന്റെ ഇന്റീരിയർ നവീകരണത്തിലെ ധൂർത്താണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 കെ.പി.സി.സി ഓഫീസുകളും കോൺഗ്രസ് ഓഫീസുകളും തകർക്കുകയും കന്റോൺമെന്റ് ഹൗസിൽ അക്രമികളെ വിടുകയും പ്രവർത്തകരെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതിലുള്ള പ്രയാസം യൂസഫലിയോട് പ്രകടിപ്പിച്ചിരുന്നു. പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതോ താമസം നൽകുന്നതോ ധൂർത്തായി ഒരു പ്രതിപക്ഷ നേതാവും പറഞ്ഞിട്ടില്ല. ആ രീതിയിലേക്ക് വളച്ചൊടിക്കാൻ സിപിഐഎം കേന്ദ്രങ്ങൾ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

യു.ഡി.എഫ് സംഘടനകളുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രവാസി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു. രണ്ട് ലോക കേരള സഭകൾ നടന്നിട്ടും എന്തൊക്കെ പ്രഖ്യാപനങ്ങൾ നടപ്പാക്കിയെന്നത് സംബന്ധിച്ച് പ്രോഗ്രസ് റിപ്പോർട്ട് ഇറക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്നും സതീശൻ പറഞ്ഞു.