ഐസ്‌ക്രീം രണ്ടാമതും ചോദിച്ചു; നൽകിയില്ല, കല്യാണവീട്ടിൽ കൂട്ടയടി: വധു കുഴഞ്ഞുവീണു.

കൊല്ലം പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിൽ വിവാഹസൽക്കാരത്തിനിടെ സംഘർഷം; കസേരകളും പ്ലേറ്റുകളും വലിച്ചെറിഞ്ഞു, പൊലീസ് ഇടപെട്ടു.

ഐസ്‌ക്രീം രണ്ടാമതും ചോദിച്ചു; നൽകിയില്ല, കല്യാണവീട്ടിൽ കൂട്ടയടി: വധു കുഴഞ്ഞുവീണു.

കൊല്ലം പള്ളിമുക്കിലെ കൊല്ലൂർവിള ബിഎസ്എ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിനിടെ ഐസ്‌ക്രീമിനെ ചൊല്ലിയുണ്ടായ തർക്കം കൂട്ടയടിയിൽ കലാശിച്ചു. സംഭവത്തിൽ വധു കുഴഞ്ഞുവീഴുകയും തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

വിവാഹ സൽക്കാരത്തിനിടെ ഭക്ഷണം കഴിച്ചിരുന്ന അതിഥികളിൽ ഒരാൾ ആദ്യം ഐസ്‌ക്രീം കഴിച്ചശേഷം രണ്ടാമതും ആവശ്യപ്പെട്ടു. എന്നാൽ സ്റ്റോക്ക് തീർന്നതായി അറിയിച്ച് കാറ്ററിങ് ജീവനക്കാർ നൽകാൻ വിസമ്മതിച്ചു. ഇതിനെ തുടർന്ന് അതിഥികളും കാറ്ററിങ് ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി.

നിമിഷങ്ങൾക്കകം തർക്കം രൂക്ഷമായി കൂട്ടത്തല്ലിലേക്ക് മാറി. ഇരുവിഭാഗവും പരസ്പരം കസേരകളും പ്ലേറ്റുകളും വലിച്ചെറിയുകയും ഓഡിറ്റോറിയത്തിനുള്ളിൽ വലിയ ബഹളം സൃഷ്ടിക്കപ്പെടുകയും ചെയ്തു. സംഘർഷം പിന്നീട് ഓഡിറ്റോറിയത്തിന് പുറത്തുള്ള പ്രധാന റോഡിലേക്കും വ്യാപിച്ചു.

കൺമുന്നിൽ നടന്ന സംഘർഷം കണ്ട് പരിഭ്രാന്തയായ വധു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വധുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

വിവരം ലഭിച്ചതിനെ തുടർന്ന് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്തെങ്കിലും, ഇരുവിഭാഗവും പരസ്പരം പരാതി നൽകാൻ തയ്യാറാകാത്തതിനാൽ കേസെടുക്കാതെ പിന്നീട് വിട്ടയച്ചു.