ചർച്ചകൾ അവഗണിച്ച് കോറോ ഹെൽത്ത്; പിരിച്ചുവിടൽ നടപടികളുമായി കമ്പനി മുന്നോട്ട്; ജീവനക്കാരുടെ അക്കൗണ്ടുകളിൽ രണ്ടര മാസത്തെ ശമ്പളമെത്തി

CorroHealth pushes forward with mass layoffs in Kerala, crediting two and a half months' salary to employees' accounts ahead of a scheduled ministerial conciliation talk

ചർച്ചകൾ അവഗണിച്ച് കോറോ ഹെൽത്ത്; പിരിച്ചുവിടൽ നടപടികളുമായി കമ്പനി മുന്നോട്ട്; ജീവനക്കാരുടെ അക്കൗണ്ടുകളിൽ രണ്ടര മാസത്തെ ശമ്പളമെത്തി
Ai image പിരിച്ചു വിടൽ അറിയിപ്പ് കിട്ടിയ ജീവനക്കാർ
ചർച്ചകൾ അവഗണിച്ച് കോറോ ഹെൽത്ത്; പിരിച്ചുവിടൽ നടപടികളുമായി കമ്പനി മുന്നോട്ട്; ജീവനക്കാരുടെ അക്കൗണ്ടുകളിൽ രണ്ടര മാസത്തെ ശമ്പളമെത്തി

കൊച്ചി: വൻ പ്രതിഷേധങ്ങൾക്കും ജനപ്രതിനിധികളുടെ ഇടപെടലുകൾക്കും വഴങ്ങാതെ, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള തീരുമാനവുമായി യു.എസ് ആസ്ഥാനമായുള്ള കോറോ ഹെൽത്ത് മുന്നോട്ട്. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രിയോടെ ജീവനക്കാരുടെ അക്കൗണ്ടുകളിൽ രണ്ടര മാസത്തെ ശമ്പളം മുൻകൂറായി നിക്ഷേപിച്ചു. ഇതോടെ, പിരിച്ചുവിടൽ നടപടികളിൽ നിന്ന് പിന്മാറാൻ കമ്പനി തയാറല്ലെന്ന് വ്യക്തമായതായി ജീവനക്കാർ ആരോപിക്കുന്നു.

മുന്നറിയിപ്പില്ലാതെ അറുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഉമ തോമസ് എം.എൽ.എ, ജില്ലാ ലേബർ ഓഫീസർ, സി.ഐ.ടി.യു നേതാക്കൾ എന്നിവർ കമ്പനി അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ പിരിച്ചുവിടൽ തീരുമാനം തൽക്കാലത്തേക്ക് മരവിപ്പിക്കാമെന്ന ധാരണയിൽ എത്തിയിരുന്നതാണ്. എന്നാൽ, ഈ ധാരണകൾ പാടെ ലംഘിച്ചുകൊണ്ടാണ് കമ്പനിയുടെ പുതിയ നീക്കം.

വിഷയത്തിൽ സംസ്ഥാന തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് ഇടപെടുകയും വരും തിങ്കളാഴ്ച ഒത്തുതീർപ്പ് ചർച്ച നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഔദ്യോഗിക ചർച്ചയ്ക്ക് തൊട്ടുമുമ്പ് ശമ്പളം അക്കൗണ്ടുകളിലേക്ക് അയച്ചത് തങ്ങളെ പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമാണെന്ന് ജീവനക്കാർ ഉറപ്പിച്ചു പറയുന്നു.

പ്രമുഖ മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്തിന് കൊച്ചിയിലും കോഴിക്കോടുമായാണ് കേരളത്തിൽ ഓഫീസുകളുള്ളത്. കൊച്ചിയിൽ 500-ഓളം ജീവനക്കാരും കോഴിക്കോട് മുന്നൂറോളം ജീവനക്കാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇത്രയധികം പേരെ ഒന്നിച്ച് പിരിച്ചുവിടാൻ പുതിയ ലേബർ കോഡ് പ്രകാരം തങ്ങൾക്ക് അവകാശമുണ്ടെന്നാണ് കമ്പനി അധികൃതരുടെ വാദം.