ഞായറാഴ്ചയിലെ ലഹരിവിരുദ്ധ പരിപാടി ; സർക്കാരിനെതിരെ ക്രൈസ്തവ സംഘടനകൾ രംഗത്ത്

Oct 01, 2022 - 08:00
0
ഞായറാഴ്ചയിലെ ലഹരിവിരുദ്ധ പരിപാടി ; സർക്കാരിനെതിരെ ക്രൈസ്തവ സംഘടനകൾ രംഗത്ത്


ലഹരിവിരുദ്ധ ക്യാമ്പെയ്ൻ നാളെ മുതൽ ആരംഭിക്കും.  എന്നാൽ അതിനുള്ള  സർക്കാർ നീക്കത്തിൽ പ്രതിഷേധമറിയിച്ച് ക്രൈസ്തവ സംഘടനകൾ. പരിപാടിക്ക് പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിലാണ് ക്രൈസ്തവ സഭാ നേതാക്കൾ എതിർപ്പ് അറിയിച്ചത്. ലഹരിക്കെതിരായ ക്യാമ്പെയ്ൻ പൊതു വികാരമായി കണക്കാക്കണമെന്നും പരിപാടിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സര്‍ക്കാർ തീരുമാനത്തിനെതിരെ കെസിബിസിയും മാർത്തോമാ സഭയും രംഗത്തെത്തി. മതപരമായ പരീക്ഷകളും ചടങ്ങുകളും ഒഴിവാക്കാനാകില്ലെന്നും നാളെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന മുൻ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായും കെസിബിസി അറിയിച്ചു. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കേണ്ടതുണ്ട്. കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിന്‍റെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്. ഞായറാഴ്‌ച വിശ്വാസപരമായ കാര്യങ്ങൾക്ക് നീക്കിവെക്കണം. ഈ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി മറ്റൊരു ദിവസം ആചരിക്കണമെന്ന് കെസിബിസി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.വിശ്വാസികൾ വിശുദ്ധ ദിനമായി കണക്കാക്കുന്ന ഞായറാഴ്ച തന്നെ ലഹരിവിരുദ്ധ പരിപാടിക്കായി ‌തന്നെ തെരഞ്ഞെടുത്തത് വേദനാജനകമാണ്. ഇത് കണക്കിലെടുത്ത് നാളെ നടത്തുന്ന ലഹരി വിരുദ്ധ പരിപാടി മാറ്റിവെക്കണമെന്ന് മാർത്തോമാ സഭയും സർക്കാരിനോട് ആവശ്യപ്പെട്ടു. ലഹരി വിമുക്ത ക്യാമ്പെയ്നിനെ പൂർണമായി പിന്തുണയ്ക്കുന്നെന്നും സഭ വ്യക്തമാക്കി.നാളെ രാവിലെ 10 മണിക്ക് ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. അതത് പ്രദേശത്തെ ജനപ്രതിനിധികൾ, കലാകായിക സാഹിത്യ പ്രതിഭകൾ, പൊതുജനങ്ങൾ തുടങ്ങി പരമാവധി ആളുകളുടെ പങ്കാളിത്തത്തോടെ സ്കൂൾതല പരിപാടി രാവിലെ 9.30ന് ആരംഭിക്കും. മുഖ്യമന്ത്രി യൂറോപ്പ് സന്ദർശനത്തിന് പോകുന്നതിനാൽ നാളെ 10 മണിക്ക് ഉദ്ഘാടന പ്രസംഗത്തിന്‍റെ വീഡിയോ എല്ലാ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User