വൈദ്യുതി ബോര്‍ഡില്‍ മന്ത്രിയും മാനേജ്‌മെന്റും തമ്മില്‍ ശീതസമരം; ആനുകൂല്യങ്ങൾ തടയപ്പെട്ടു
മന്ത്രിയും മാനേജ്‌മെന്റും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡില്‍ പ്രമോഷനുകള്‍ തടയപ്പെട്ടതിനെതിരെയും രണ്ടുഗഡു ഡിഎ, ലീവ് സറണ്ടര്‍ എന്നിവ നിഷേധിച്ചതിനെതിരെയും പണിമുടക്ക് ഉള്‍പ്പടെയുള്ള ശക്തമായ സമരപരിപാടികളിലേയ്ക്ക് നീങ്ങുമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍. പുതിയ ചെയര്‍മാന്‍ വന്നതിനുശേഷം കൂടിയ ബോര്‍ഡ് യോഗത്തില്‍ പ്രമോഷന്‍ നല്‍കാന്‍ തീരുമാനിച്ചുവെന്നും അത് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് തടഞ്ഞുവെന്നും ഇടതുസംഘടനകള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു. എന്നാല്‍ അര്‍ഹതപ്പെട്ട രണ്ടുഗഡു ഡിഎ, ലീവ് സറണ്ടര്‍ വിഷയങ്ങളില്‍ ബോര്‍ഡ് ഇതുവരെയും തീരുമാനമെടുത്തിട്ടുമില്ല.1991-92 കാലഘട്ടത്തില്‍ 36.98 ലക്ഷം ഉപഭോക്താക്കള്‍ മാത്രമുള്ളപ്പോള്‍ 30415 ജീവനക്കാര്‍ ഉണ്ടായിരുന്ന സ്ഥാപനമാണ് ഇപ്പോള്‍ 1.30 കോടി ഉപഭോക്താക്കളുള്ളപ്പോള്‍ ജീവനക്കാരുടെ എണ്ണം 29000ല്‍ എത്തിനില്‍ക്കുന്നത്. കെഎസ്ഇബിയുടെ 1993-94 ലെ ആനുവല്‍ അക്കൗണ്ട്‌സില്‍ എല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷന്റെ അനുവാദം അനുസരിച്ച് പോലും നിലവില്‍ ഏതാണ്ട് 1000 നടുത്ത് പേരുടെ കുറവുണ്ട്. കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനില്‍ ആവശ്യപ്പെട്ടതനുസരിച്ച് 4500 പേരുടെ കുറവുണ്ട്. ഈ ജോലികള്‍ മുഴുവന്‍ അര്‍ഹതപ്പെട്ട അവധിപോലും എടുക്കാതെ ജോലി ചെയ്യുന്ന ജീവനക്കാരുടെ രണ്ടുഗഡു ഡിഎയും ലീവ് സറണ്ടറും തടഞ്ഞുവച്ചിരിക്കുന്നു. ഇത്രയും കുറവുകള്‍ യാതൊന്നും പുറത്തറിക്കാതെ ജോലികള്‍ പൂര്‍ത്തിയാക്കുന്ന ജീവനക്കാരുടെ പ്രമോഷനുള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ശീതസമരത്തിന്റെ പേരില്‍ തടയപ്പെടാന്‍ അനുവദിക്കില്ലെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) സംസ്ഥാന പ്രസിഡന്റ് കെ.പി.ധനപാലന്‍, വര്‍ക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി വി.സുധീര്‍ കൂമാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.