"പേര് ഫിഫ വേൾഡ് കപ്പ്… ലക്ഷ്യം നീറ്റ് ചോദ്യങ്ങൾ! വാട്‌സാപ്പ് ഗ്രൂപ്പിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം പുറത്ത്"

'ഫിഫ വേൾഡ് കപ്പ് 2026' ഗ്രൂപ്പ് നിർണായക തെളിവായി; പരീക്ഷയ്ക്ക് മുമ്പ് ചോദ്യങ്ങളും ലിങ്കുകളും കൈമാറിയെന്ന് സി.ബി.ഐ കണ്ടെത്തൽ

Aug 07, 2026 - 19:44
Updated: 1 month ago
0
"പേര് ഫിഫ വേൾഡ് കപ്പ്… ലക്ഷ്യം നീറ്റ് ചോദ്യങ്ങൾ! വാട്‌സാപ്പ് ഗ്രൂപ്പിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം പുറത്ത്"

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ. അന്വേഷണം. ‘ഫിഫ വേൾഡ് കപ്പ് 2026’ എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പാണ് കേസിലെ പ്രധാന കണ്ണികളിലേക്ക് എത്താൻ അന്വേഷണ സംഘത്തിന് സഹായകമായത്.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രധാന പ്രതികളായ പുണെ സ്വദേശികളായ പി.വി. കുൽക്കർണി, മനീഷ മന്ദാരെ എന്നിവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഈ ഗ്രൂപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്.

വിദ്യാർത്ഥികൾക്കായി ബയോളജി ക്ലാസുകളുടെ സമയക്രമവും വിവരങ്ങളും പങ്കുവെക്കാനെന്ന പേരിലാണ് ‘ഫിഫ വേൾഡ് കപ്പ് 2026’ എന്ന ഗ്രൂപ്പ് ആരംഭിച്ചത്. എന്നാൽ പരീക്ഷയ്ക്ക് മുമ്പ് ചോദ്യങ്ങളും ഉത്തരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ ഈ ഗ്രൂപ്പ് ഉപയോഗിച്ചെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.

2025 നവംബറിൽ രൂപീകരിച്ച ഗ്രൂപ്പിൽ എട്ട് അംഗങ്ങളാണ് ഉണ്ടായിരുന്നത്. കേസിലെ ഇടനിലക്കാരിയായ ബ്യൂട്ടീഷ്യൻ മനീഷ വാഗ്മാരെയാണ് വിദ്യാർത്ഥികളെ കണ്ടെത്തി ഗ്രൂപ്പിലേക്ക് ചേർത്തത്. എൻ.ടി.എ വിവർത്തനത്തിനും പ്രൂഫ് റീഡിംഗിനുമായി നിയോഗിച്ച വിഷയ വിദഗ്ധരായ കുൽക്കർണിയും മന്ദാരെയും ക്ലാസുകൾ നൽകുമെന്ന് പറഞ്ഞാണ് വിദ്യാർത്ഥികളെ എത്തിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

കെമിസ്ട്രി ക്ലാസുകൾക്കായി ‘NEET 2026’ എന്ന പേരിൽ മറ്റൊരു വാട്‌സാപ്പ് ഗ്രൂപ്പും പ്രവർത്തിച്ചിരുന്നതായി സി.ബി.ഐ കണ്ടെത്തി.

വിദ്യാർത്ഥികളെ കുൽക്കർണിയുടെയും മന്ദാരെയുടെയും വീടുകളിലെത്തിച്ച് പ്രത്യേക ക്ലാസുകൾ നടത്തിയിരുന്നു. ബയോളജി ക്ലാസുകളിൽ പുതിയ എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളിലെ ചില ഭാഗങ്ങൾ അടയാളപ്പെടുത്താനും മാർജിനിൽ ചോദ്യങ്ങൾ കുറിച്ചുവയ്ക്കാനും നിർദേശിച്ചു. പിന്നീട് ഈ ചോദ്യങ്ങൾ പരിശോധിച്ച് തിരുത്തലുകൾ വരുത്തിയതായും അന്വേഷണ സംഘം കണ്ടെത്തി.

പരീക്ഷയ്ക്ക് മുമ്പ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ചോദ്യങ്ങളും ലിങ്കുകളും കൈമാറിയെന്നാണ് കണ്ടെത്തൽ. പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾ നൽകിയ മൊഴികളിൽ, ഗ്രൂപ്പുകളിൽ പങ്കുവെച്ച പല ചോദ്യങ്ങളും യഥാർത്ഥ നീറ്റ് ചോദ്യപ്പേപ്പറുമായി ഒത്തുപോയതായി വ്യക്തമാക്കിയിട്ടുണ്ട്.

ചോദ്യപ്പേപ്പർ ലഭ്യമാക്കുന്നതിനായി ഒരു വിദ്യാർത്ഥിയിൽ നിന്ന് നാല് ലക്ഷം രൂപ വരെ ഈടാക്കിയതായും സി.ബി.ഐ കണ്ടെത്തി. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഫിസിക്സ് ചോദ്യങ്ങൾ വാട്‌സാപ്പിലൂടെ അയച്ചുനൽകിയതിന് അധിക തുക വാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായി. ഫിസിക്സിലെ 66 ചോദ്യങ്ങൾ ഇത്തരത്തിൽ ചോർന്നതായാണ് വിവരം.

എൻ.ടി.എയിലെ വിദഗ്ധർ ഉൾപ്പെടെ കോച്ചിങ് സെന്റർ അധ്യാപകരും ഉടമകളും അടക്കം 13 പേരെയാണ് കേസിൽ സി.ബി.ഐ പ്രതി ചേർത്തിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User