ഗുജറാത്തിൽ വരുന്നു ഏഷ്യയിലെ ആദ്യ മരുഭൂമി നൈറ്റ് സഫാരി; കേന്ദ്ര മൃഗശാല അതോറിറ്റിയുടെ പച്ചക്കൊടി

Experience Nighttime Wildlife: Gujarat Gets Approval for Asia's First Desert Night Safari

Aug 12, 2026 - 18:58
0
ഗുജറാത്തിൽ വരുന്നു ഏഷ്യയിലെ ആദ്യ മരുഭൂമി നൈറ്റ് സഫാരി; കേന്ദ്ര മൃഗശാല അതോറിറ്റിയുടെ പച്ചക്കൊടി

വന്യജീവി സ്നേഹികൾക്കായി ഏഷ്യയിലെ തന്നെ ആദ്യ മരുഭൂമി പ്രമേയത്തിലുള്ള ഡ്രൈവ്-ത്രൂ നൈറ്റ് സഫാരിയും സുവോളജിക്കൽ പാർക്കും ഗുജറാത്തിൽ ഒരുങ്ങുന്നു. ബനസ്‌കാന്ത ജില്ലയിലെ ദീസയിലാണ് ഈ വൻകിട പദ്ധതിക്ക് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ (CZA) അനുമതി ലഭിച്ചത്. ഗുജറാത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ മേഖലയിലെ വന്യജീവി സംരക്ഷണം ശക്തമാക്കുന്നതിനൊപ്പം ഇക്കോ ടൂറിസത്തിന് വൻ കുതിപ്പേകാനും വടക്കൻ ഗുജറാത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

542 കോടിയുടെ ബൃഹത് പദ്ധതി

ജുന ദീസയിൽ ഏകദേശം 103 ഹെക്ടർ സർക്കാർ ഭൂമിയിലാണ് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നത്. കേന്ദ്ര മാർഗനിർദേശങ്ങൾ പൂർണ്ണമായും പാലിച്ചു തയ്യാറാക്കിയ പദ്ധതിയുടെ നിർമ്മാണച്ചെലവ് ഏകദേശം 542.14 കോടി രൂപയാണ്. വിവിധ വിഭാഗങ്ങളിലായി 83-ലേറെ ഇനങ്ങളിൽ പെട്ട 2,700-ഓളം തദ്ദേശീയവും വിദേശീയവുമായ മൃഗങ്ങളെയും പക്ഷികളെയും ഉൾക്കൊള്ളിച്ചാണ് പാർക്ക് സജ്ജമാക്കുന്നത്.

പ്രധാന ആകർഷണം നൈറ്റ് സഫാരി

സൂര്യാസ്തമയത്തിന് ശേഷം രാത്രികാല ജീവികളെ അവയുടെ സ്വാഭാവിക അന്തരീക്ഷത്തിൽ കണ്ടുമടങ്ങാൻ സാധിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈറ്റ് സഫാരിയാണ് പാർക്കിന്റെ പ്രധാന കേന്ദ്ര ബിന്ദു. പകൽ സമയങ്ങളിലെ സുവോളജിക്കൽ പാർക്കിന് പുറമെ രാത്രി കാഴ്ചകൾക്കായി മാത്രം അഞ്ച് പ്രത്യേക എൻക്ലോഷറുകളാണ് ഇവിടെയൊരുക്കുക.

മരുഭൂമിയിലെ അപൂർവ ജീവിശേഖരം

മരുഭൂമി ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ വരണ്ട സ്വാഭാവിക ഭൂപ്രകൃതിയിലാണ് പാർക്കിന്റെ നിർമ്മാണം. ചിങ്കാര, കൃഷ്ണമൃഗം, ഇന്ത്യൻ കാട്ടുകഴുത, ഏഷ്യാറ്റിക് സിംഹം, പുള്ളിപ്പുലി, മുള്ളൻപന്നി, മരുഭൂമി മുയൽ, സ്ലോത്ത് കരടി, കാരക്കൽ, ചെന്നായ, കഴുതപ്പുലി, മരുഭൂമി കുറുക്കൻ എന്നിവയടക്കമുള്ള തദ്ദേശീയ ജീവികൾ ഇവിടെയുണ്ടാകും.

ഇതിനുപുറമെ ആഫ്രിക്കൻ ഇനങ്ങളായ അംഗോളൻ ജിറാഫ്, ഗ്രീവീസ് സീബ്ര, ആഫ്രിക്കൻ ചീറ്റ, സിംഹം, ചിമ്പാൻസി, ബ്ലാക്ക് റൈനോ, ഫെനെക് കുറുക്കൻ, ഒട്ടകപ്പക്ഷി തുടങ്ങിയവയും ഓസ്ട്രേലിയൻ മേഖലയിൽ നിന്നുള്ള കംഗാരു, എമു, വാലബി എന്നിവയും സഞ്ചാരികളെ ആകർഷിക്കും.

റെപ്റ്റൈൽ സഫാരി, ബട്ടർഫ്ലൈ പാർക്ക്, റെയിൻഫോറസ്റ്റ് ബയോം, ഭീമൻ അക്വേറിയം, ഇന്റർപ്രിറ്റേഷൻ സെന്റർ, ഫുഡ് കോർട്ട്, ഗോൾഫ് കാർട്ട് സേവനം തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് നിർമ്മാണം. മഴവെള്ള സംഭരണം, മലിനജല ശുദ്ധീകരണ പ്ലാന്റ്, സൗരോർജ സംവിധാനങ്ങൾ, ഹരിത ബഫർ മേഖലകൾ എന്നിവ പാർക്കിന്റെ ഭാഗമായിരിക്കും. സ്വാഭാവിക മണൽക്കുന്നുകളും ബനാസ് നദിയുടെ സാമീപ്യവും മികച്ച ഗതാഗത സൗകര്യങ്ങളുമാണ് പദ്ധതിക്കായി ഈ പ്രദേശത്തെ തിരഞ്ഞെടുക്കാൻ കാരണം. നിർമ്മാണം പൂർത്തിയാകുന്നതോടെ വഡ്നഗർ, അംബാജി, നഡാബെറ്റ് എന്നിവയ്ക്കൊപ്പം ദീസയും ഗുജറാത്തിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായി മാറും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User