മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനം: ചട്ടങ്ങൾ കാറ്റിൽപ്പറത്തി വൻ തട്ടിപ്പ്; വിജിലൻസ് അന്വേഷണത്തിന് ശുപാർശ
Messi’s Kerala Visit Scam: High-Level Probe Recommends Vigilance and ED Inquiry Over Fund Misuse and Procedural Violations
തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് നടന്നത് സർവ ചട്ടങ്ങളും മറികടന്നുള്ള ഗുരുതര ക്രമക്കേടുകളാണെന്ന് അന്വേഷണ റിപ്പോർട്ട്. ധന, നിയമ വകുപ്പുകളുടെ പരിശോധനയോ അനുമതിയോ കൂടാതെ, മുൻ മുഖ്യമന്ത്രി, മുൻ കായിക മന്ത്രി, മുൻ ചീഫ് സെക്രട്ടറി എന്നിവരുടെ മാത്രം നിയന്ത്രണത്തിലാണ് എല്ലാ നടപടികളും പൂർത്തിയാക്കിയതെന്ന് കായിക വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്വകാര്യ കമ്പനി നടത്തുന്ന പരിപാടിക്കായി പൂർണ്ണമായും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയും, സർക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തമുണ്ടെന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. കൂടാതെ, 15 മില്യൻ യുഎസ് ഡോളർ (ഏകദേശം 126 കോടിയോളം രൂപ) കൈമാറിയതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

ബ്രോഷർ മാത്രം കണ്ട് കരാറെന്ന് തെറ്റിദ്ധരിപ്പിച്ചു
അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) സംസ്ഥാന സർക്കാരിന്റെ പേരിൽ നൽകിയ ഒരു കത്ത് മത്സരത്തിനെത്തുമെന്ന ഔദ്യോഗിക അറിയിപ്പോ നിയമ സാധുതയുള്ള രേഖയോ ആയിരുന്നില്ല. കേവലം ഒരു ബ്രോഷർ മാത്രമായിരുന്ന ഈ രേഖയെ അന്തിമ കരാറായി തെറ്റിദ്ധരിപ്പിച്ചാണ് തുടർനടപടികൾ സ്വീകരിച്ചത്.
അർജന്റീന ടീമിന്റെ അന്തിമ സ്ഥിരീകരണമോ, ലയണൽ മെസ്സി എത്തുമെന്നതിൻ്റെ കരാറോ, ഫിഫ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) എന്നിവരുടെ മാച്ച് അപ്രൂവലോ ഇല്ലാതെയാണ് കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ ഔദ്യോഗികമായി കത്തയച്ചത്. കേന്ദ്ര സർക്കാരിന്റെ എൻ.ഒ.സി, ഡി.പി.ആർ (DPR), ധനവകുപ്പിന്റെ മുൻകൂർ അനുമതി, മന്ത്രിസഭയുടെ അംഗീകാരം എന്നിവ ഇല്ലാതെ തിടുക്കപ്പെട്ടു നടപടികൾ സ്വീകരിച്ചത് സെക്രട്ടറിയേറ്റ് ഓഫീസ് മാനുവലിന്റെ നഗ്നമായ ലംഘനമാണ്.
128 കോടിയുടെ ബജറ്റ് വ്യത്യാസം, കായികതാരങ്ങൾക്ക് നൽകാനുള്ളത് 11 കോടി
പരിപാടിയുടെ ആകെ ചെലവ് 210 കോടി രൂപയും പ്രതീക്ഷിത വരുമാനം 82 കോടി രൂപയുമായിരുന്നു. 128 കോടിയോളം രൂപയുടെ ഭീമമായ സാമ്പത്തിക വ്യത്യാസമുണ്ടായിട്ടും ധനവകുപ്പിന്റെ മുൻകൂർ അവലോകനം പൂർണ്ണമായും ഒഴിവാക്കി. സ്പോൺസറുടെ സാമ്പത്തിക ഭദ്രതയോ ഫണ്ടിന്റെ ഉറവിടമോ പരിശോധിച്ചിരുന്നില്ല.
ഒരു സ്വകാര്യ സ്പോൺസർക്ക് വാണിജ്യ നേട്ടമുണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ വിട്ടുനൽകിയപ്പോൾ, സംസ്ഥാനത്തെ കായികതാരങ്ങൾക്ക് നൽകേണ്ടിയിരുന്ന 11 കോടിയോളം രൂപയുടെ കുടിശ്ശിക തുക വിതരണം ചെയ്യാതെ മാറ്റിവെക്കുകയായിരുന്നു.
വകുപ്പുതല നടപടിയ്ക്കും തുക ഈടാക്കാനും ശുപാർശ
കായിക വകുപ്പിലെ ഉദ്യോഗസ്ഥരെ പൂർണ്ണമായും ഒഴിവാക്കി, മുൻ മുഖ്യമന്ത്രിയും കായികമന്ത്രിയും നേരിട്ട് യോഗങ്ങൾ വിളിച്ചാണ് തീരുമാനങ്ങൾ എടുത്തത്. ക്രമക്കേടുകൾക്ക് നേതൃത്വം നൽകിയവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും, നടപടികളിലൂടെ സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കണമെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.