പോളിയോ വ്യാപനം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ന്യൂയോർക്ക്
പോളിയോ വൈറസ് ബാധ പടരുന്നതിന്റെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ ന്യൂയോർക്കിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോർക്ക് നഗരത്തിലെ അഴുക്കുചാലിൽ അടക്കം പോളിയോ വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.
ന്യൂയോർക്ക് നഗരത്തിലെയും അടുത്തുള്ള നാല് കൗണ്ടികളിലെയും അഴുക്കുചാലിലെ മലിനജലത്തില്‍ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ജൂലൈ അവസാനം പ്രായപൂർത്തിയായ ഒരു വ്യക്തിക്കും പോളിയോ രോഗം സ്ഥിരീകരിച്ചിരുന്നു. ഏതാണ്ട് 10 വർഷത്തിനിടെ ആദ്യമായിട്ടായിരുന്നു രാജ്യത്ത് വീണ്ടും പോളിയോ രോഗം സ്ഥിരീകരിച്ചത്.
ഒരുകാലത്ത് യുഎസ് ഉൾപ്പെടെ ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളെയും വലച്ചിരുന്ന രോഗമായിരുന്നു പോളിയോ. 1952ൽ യുഎസിൽ ഏതാണ്ട് 58,000 പേരെ ഇത് ബാധിച്ചിരുന്നു. 21,000 ൽ അധികം ആളുകൾ കിടപ്പിലാവുകയും മൂവായിരത്തിൽ അധികം ആളുകൾ യുഎസിൽ മാത്രം പോളിയോ മൂലം മരിക്കുകയും ചെയ്തിരുന്നു.
പിന്നീട്, വാക്സിനുകൾ വന്നതോടെ രോഗത്തെ നിയന്ത്രിച്ചു കൊണ്ടുവരികയായിരുന്നു. യുഎസിൽ രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികളിൽ 93 ശതമാനം പേരും പോളിയോ വാക്സിൻ സ്വീകരിച്ചവരാണ്.