പോപ്പുലര്‍ ഫ്രണ്ടിന് സിപിഎം സഹായം നല്‍കുന്നു: സുരേന്ദ്രന്‍

പോപ്പുലര്‍ ഫ്രണ്ടിന് സിപിഎം സഹായം നല്‍കുന്നു: സുരേന്ദ്രന്‍

പോപ്പുലര്‍ ഫ്രണ്ട് ആക്രമണങ്ങള്‍ക്ക് സഹായം നല്‍കുന്നത് സി.പി.ഐ.എമ്മെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കൃത്യമായ രാഷ്ട്രീയ സഹായം ലഭിച്ചതുകൊണ്ടുമാത്രമാണ് പോപ്പുലര്‍ ഫ്രണ്ട് അക്രമം നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ആര്‍എസ്എസ് നേതാവ് എസ്.കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് ബിജെപി നേരത്തേ രംഗത്തെത്തിയിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടപ്പോള്‍ പൊലീസ് മുന്‍കരുതല്‍ എടുത്തില്ലെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. കേരളത്തിലെ മതഭീകരവാദികളുമായി സമരസപ്പെടുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. അരങ്ങത്തും അണിയറയിലും ആ ബന്ധമുണ്ട്. മതഭീകരവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. അതേസമയം പാലക്കാട്ടെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരും. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം തീരുമാനിച്ചിരിക്കുന്നത്. നാളെവൈകിട്ട് 3.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.