പാർട്ടിക്കാരെ തിരുകി കയറ്റാൻ വേണ്ടി മാത്രമാണ് പിണറായി സർക്കാർ നിയമനം നടത്തുന്നത് : മുല്ലപ്പള്ളി രാമചന്ദ്രൻ

പാർട്ടിക്കാരെ തിരുകി കയറ്റാൻ വേണ്ടി മാത്രമാണ് പിണറായി സർക്കാർ നിയമനം നടത്തുന്നത് : മുല്ലപ്പള്ളി രാമചന്ദ്രൻ

 പിൻവാതിൽ നിയമനം വഴി കേരളത്തിലെ യുവാക്കളുടെ ജോലിക്കുള്ള വഴിയടയ്ക്കുകയും യൂണിവേഴ്സിറ്റികളിലും  മറ്റ് സർക്കാർ സ്ഥാപനങ്ങളിലും സിപിഎം പ്രവർത്തകരെ തിരികി കയറ്റാൻ വേണ്ടിയും മാത്രമാണ് ഇവിടെ നിയമനം നടത്തുന്നതെന്നും മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരളവും കേന്ദ്രവും ഒരേ പോലെ വിലക്കയറ്റത്തിലൂടെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്.1957 മുതലുള്ള ഇടതുപക്ഷ സർക്കാരിൽ വച്ച് ഏറ്റവും കഴിവുകെട്ട  ഭരണമാണ് ഇന്ന് കേരളത്തിലുള്ളതെന്നും,  ധനകാര്യ  മാനേജ്മെന്റ് എന്താണെന്ന് അറിയാത്ത ധനകാര്യ മന്ത്രിയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  രൂക്ഷമായ വിലക്കയറ്റം കൊണ്ട് ജനം വലയുമ്പോൾ ബാങ്ക് വായ്പകളുടെ പലിശ നിരക്ക്  വർദ്ധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും കേന്ദ്രവും കേരളവും വികലമായ നയങ്ങൾകൊണ്ട് പൊതുജനങ്ങളുടെ നടുവൊടിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിലും, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും, സഹകരണ സ്ഥാപനങ്ങളിലും, സർക്കാർ ആശുപത്രികളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പിൻവാതിൽ, അനധികൃത നിയമവിരുദ്ധ നിയമനങ്ങൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ സംഘടിപ്പിച്ച  കലക്ട്രേറ്റ്   ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂ ഡി എഫ് ജില്ലാ ചെയർമാൻ  സി.ടി അഹമ്മദ്അലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു.ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ,യു .ഡി.എഫ് നേതാക്കളായ  എ അബ്ദുൽ റഹ്‌മാൻ,ഹരീഷ് ബി നമ്പ്യാർ,പ്രിൻസ് ജോസഫ് ,ആന്റെക്സ് ജോസഫ്,വി.കമ്മാരൻ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു