പലിശകൂട്ടി അമേരിക്ക; കൂസാതെ ഓഹരികൾ

പലിശകൂട്ടി അമേരിക്ക; കൂസാതെ ഓഹരികൾ

കൊച്ചി: കാത്തിരിപ്പിനൊടുവിൽ അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയിട്ടും കൂസാതെ ഓഹരി വിപണികളുടെ മുന്നേറ്റം. 0-0.25ൽ നിന്ന് 0.25-0.50 ശതമാനത്തിലേക്കാണ് ഫെഡറൽ റിസർവിന്റെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്.ഒ.എം.സി) പലിശനിരക്ക് ഉയർത്തിയത്. 2018 ഡിസംബറിന് ശേഷം ഫെഡറൽ റിസർവ് പലിശ കൂട്ടിയത് ആദ്യമാണ്.

ജനുവരിയിൽ അമേരിക്കയുടെ ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 40 വർഷത്തെ ഉയരമായ 7.9 ശതമാനത്തിൽ എത്തിയ പശ്ചാത്തലത്തിലാണ്, നിയന്ത്രിക്കാനെന്നോണം ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടിയത്. നടപ്പുവർഷം അവസാനത്തോടെ പലിശനിരക്ക് 1.75-2 ശതമാനത്തിലേക്ക് ഉയർത്താനാണ് ഫെഡറൽ റിസർവിന്റെ തീരുമാനം.

58,000 തൊട്ട് സെൻസെക്‌സ്

സെൻസെക്‌സ് 1,047 പോയിന്റുയർന്ന് 57,863ലും നിഫ്‌റ്റി 311 പോയിന്റ് നേട്ടവുമായി 17,287ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ ഒരുവേള സെൻസെക്‌സ് 58,095 വരെയും നിഫ്‌റ്റി 17,344 വരെയും മുന്നേറിയിരുന്നു. ടൈറ്റൻ, ഏഷ്യൻ പെയിന്റ്‌സ്, കോട്ടക് ബാങ്ക്, ടാറ്റാ സ്‌റ്റീൽ, മാരുതി സുസുക്കി, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മുൻനിര ഓഹരികൾ.

രൂപയ്ക്കും നേട്ടം

ഓഹരികൾ കുതിച്ചതിന്റെ ആവേശത്തിൽ രൂപയും ഡോളറിനെ തരിപ്പണമാക്കി കുതിച്ചു. 48 പൈസയുടെ നേട്ടവുമായി 75.80ലാണ് വ്യാപാരാന്ത്യം രൂപയുള്ളത്.

₹4.14 ലക്ഷംകോടി

സെൻസെക്‌സിന്റെ നിക്ഷേപകമൂല്യം ഇന്നലെ 4.14 ലക്ഷം കോടി രൂപ മെച്ചപ്പെട്ട് 260.37 ലക്ഷം കോടി രൂപയായി.

ഭാരമാകാതെ പലിശ

അമേരിക്ക പലിശനിരക്ക് കൂട്ടിയാൽ ഓഹരികളിൽ നിന്ന് വിദേശ മൂലധനം വൻതോതിൽ കൊഴിയുകയും ഓഹരി വിപണി ഇടിയുകയും ചെയ്യേണ്ടതാണ്. രൂപയും ദുർബലമാകണം. എന്നാൽ, പലിശനിരക്ക് വർദ്ധന ഏറെനാളായി പ്രതീക്ഷിക്കുന്നതായതിനാൽ ഇന്നലെ അതിനോട് വൈകാരികമായി പ്രതികരിക്കാൻ നിക്ഷേപകർ തയ്യാറാകാതിരുന്നതാണ് ഓഹരികൾക്ക് നേട്ടമായത്. ഓഹരിക്കുതിപ്പിന്റെ മറ്റ് കാരണങ്ങൾ:

1. പലിശനിരക്ക് ഉയർത്തിയുള്ള കർശന ധനനയത്തോട് പ്രതികരിക്കാനുള്ള കരുത്ത് സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടെന്ന ഫെഡറൽ റിസർവ് മേധാവി ജെറോം പവലിന്റെ പ്രതികരണം.

2. യുദ്ധം അവസാനിപ്പിക്കാനായി റഷ്യയും യുക്രെയിനും തമ്മിലെ ചർച്ചകളുടെ പുരോഗതി.

3. ബാരലിന് 130 ഡോളർ വരെ ഉയർന്ന ക്രൂഡ് വില 100 ഡോളറിലേക്ക് താഴ്‌ന്നത്.