കേരള പോലീസിനെ വന്ധ്യംകരിച്ച് റെഡ് വോളന്‍റിയര്‍ സേനയാക്കി തരംതാഴ്ത്തി- കെപിസിസി പ്രസിഡന്റ്
കേരള പോലീസിനെ വന്ധ്യംകരിച്ച് റെഡ് വോളന്‍റിയര്‍ സേനയാക്കി തരംതാഴ്ത്തിയിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തി ആഭ്യന്തരം ഭരിക്കുമ്പോള്‍ കണ്‍മുന്നില്‍ തെളിവുകളുണ്ടായാലും പ്രതിയെ പിടിക്കാന്‍ കേരള പോലീസിനാവില്ല. അതിന് ഉദാഹരണമാണ് ഭരണഘടനയിലെ മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങളെ കുന്തം, കുടചക്രം എന്നുവിളിച്ച് അധിക്ഷേപിച്ച മുന്‍മന്ത്രിയും എംഎല്‍എയുമായ സജി ചെറിയാനെതിരായ കേസില്‍ തെളിവില്ലെന്ന് കണ്ട് തീര്‍പ്പാക്കാനുള്ള ആഭ്യന്തരവകുപ്പിന്‍റെ ശ്രമം. അഞ്ചുമാസങ്ങള്‍ക്ക് മുന്‍പെ അദ്ദേഹം നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ലഭ്യമാണെങ്കിലും പോലീസ് ഭാഷ്യം തെളിവില്ലെന്നാണ്. പോലീസിന്‍റെ ചരിത്രത്തില്‍ ഇത്രയും വിരോധാഭാസ നിലപാട് സ്വീകരിച്ച കാലഘട്ടം ഉണ്ടാവില്ല. ഭരണഘടനയോട് തെല്ലും ആദരവില്ലാത്ത സിപിഎം അന്നുമുതല്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കാനുള്ള തത്രപ്പാടിലായിരുന്നു. പേരിനൊരു കേസെടുത്തതല്ലാതെ മറ്റ് നടപടികളിലേക്ക് കടക്കാത്തതും അതിനാലാണ്. ധാര്‍മികമൂല്യങ്ങള്‍ക്ക് നേരെ സിപിഎമ്മും സര്‍ക്കാരും കൊഞ്ഞണം കാട്ടുകയാണെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.