മഹാകലേശ്വരനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് രാഹുൽ ഗാന്ധി
ഉജ്ജെയിനിലെ മഹാ ക്ഷേത്രമായ മഹാകലേശ്വർ സന്ദർശിച്ച് രാഹുൽ ഗാന്ധി എംപി പ്രാർഥനയും വഴിപാടുകളും നടത്തി. മഹാദേവനു മുന്നിൽ അദ്ദേഹം സാഷ്ടാംഗം പ്രണമിച്ച് അനുഗ്രഹം തേടി. ഭാരത് ജോോ യാത്രയുടെ 83ാം ദിവസമായിരുന്ന ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ദിഗംബർ സിദ്ധഗംഗ സിദ്ധ ക്ഷേത്രത്തിൽ നിന്നു പുനരാരംഭിച്ച ജാഥ, 3.45ന് തോപവൻ മഹാകലേശ്വർ ക്ഷേത്ര സമീപത്തെത്തി. പിന്നീടാണ് രാഹുൽ ഗാന്ധി മഹാകലേശ്വരന്റെ മുന്നിലേക്കു പോയത്. രാഹുൽ ഗാന്ധി പ്രത്യേക വഴിപാടും പ്രർഥനയും നടത്തി. മഹാദേവനു പാലഭിഷേകവും നടത്തിയാണ് മടങ്ങിയത്.
വിശുദ്ധനഗരിയായ ഉജ്ജൈനിയിലെ ഏറ്റവും ഭാഗ്യം നല്കുന്ന ക്ഷേത്രമായി ഹൈന്ദവർ കരുതുന്ന അമ്പലമാണ് മഹാകലേശ്വർ ക്ഷേത്രം. ഒരു തടാകത്തിന് സമീപത്തായാണ് ക്ഷേത്രം. വൻ മതിലിനാൽ ചുറ്റപ്പെട്ട വലിയ മുറ്റം ഈ ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിനകം അഞ്ച് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിൽ ഒന്ന് ഭൂഗർഭത്തിലാണ്. മഹാകലേശ്വറിന്റെ വിഗ്രഹത്തിന് ദക്ഷിണമൂർത്തിയെന്നാണ് പേർ. വിഗ്രഹം തെക്കോട്ട് തിരിഞ്ഞിരിക്കുന്ന നിലയിലാണ്. ഇന്ത്യയിലെ 12 ജ്യോതിർലിംഗങ്ങളിലൊന്നായി കരുതുന്ന ക്ഷേത്രമാണ് ഇത്. ദേവന് നിവേദ്യമായി നല്കുന്ന പ്രസാദം വീണ്ടും നിവേദിക്കാനാവുമെന്ന് ഈ ക്ഷേത്രത്തിൽ മാത്രമുള്ള പ്രത്യേകതയാണ്. ഓംകാരേശ്വർ ശിവന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് മഹാകൽ ശ്രീകോവിലിന് തൊട്ട് മുകളിലായാണ്. മഹാശിവരാത്രി ദിനങ്ങളിൽ ഇവിടെ വലിയ ആഘോഷം നടക്കാറുണ്ട്.