പെരുമഴയൊന്നും പി.എസ്.സി അറിഞ്ഞില്ലേ? പരീക്ഷ മാറ്റിയില്ല; ഉദ്യോഗാർഥികൾക്ക് ദുരിതം

PSC Faces Backlash for Refusing to Postpone Exam Amid Heavy Rains and Flooding

Aug 01, 2026 - 12:40
0
പെരുമഴയൊന്നും പി.എസ്.സി അറിഞ്ഞില്ലേ? പരീക്ഷ മാറ്റിയില്ല; ഉദ്യോഗാർഥികൾക്ക് ദുരിതം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും നിരവധി പ്രദേശങ്ങളിൽ പ്രളയസമാന സാഹചര്യം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലും പി.എസ്.സി പരീക്ഷ മാറ്റിവയ്ക്കാത്തതിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് നടക്കുന്ന ടെൻത് ലെവൽ കോമൺ പ്രിലിംസ് പരീക്ഷ എഴുതാൻ 1.69 ലക്ഷം ഉദ്യോഗാർഥികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പൂഞ്ഞാറിന് സമീപം പെരിങ്ങുളത്തെ ഉരുൾ പൊട്ടൽ

പത്തനംതിട്ട, ഇടുക്കി, കോട്ടയം ഉൾപ്പെടെ നിരവധി ജില്ലകളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. റോഡ് ഗതാഗതം സ്തംഭിച്ചതും വെള്ളക്കെട്ട് വ്യാപകമായതും കാരണം പരീക്ഷാകേന്ദ്രങ്ങളിലെത്താൻ വലിയ ബുദ്ധിമുട്ട് നേരിടുന്നതായി ഉദ്യോഗാർഥികൾ പറയുന്നു. ജീവൻ പണയംവെച്ചാണ് പലരും പരീക്ഷാകേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ്, കെ.ടി.ഡി.സിയിലെ സ്റ്റോർമാൻ, ബവ്റിജസ് കോർപറേഷനിലെ എൽ.ഡി ക്ലാർക്ക് (നേരിട്ടും തസ്തികമാറ്റം വഴിയും) ഉൾപ്പെടെയുള്ള തസ്തികകളിലേക്കുള്ള ടെൻത് ലെവൽ കോമൺ പ്രിലിംസ് പരീക്ഷയുടെ മൂന്നും നാലും ഘട്ടങ്ങളാണ് ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി നടക്കുന്നത്.

തൊടുപുഴയിലെ വെള്ളപ്പൊക്ക ദൃശ്യങ്ങൾ

ജൂലൈ 18-ന് ഉദ്യോഗസ്ഥരുടെ വീഴ്ചയെ തുടർന്ന് ചോദ്യപേപ്പർ മാറി നൽകിയ സംഭവത്തിൽ ഇതേ പരീക്ഷയുടെ രണ്ടാംഘട്ടം പി.എസ്.സി മാറ്റിവച്ചിരുന്നു. എന്നാൽ ഇന്ന് സംസ്ഥാനം മഴക്കെടുതിയിൽ വലയുമ്പോഴും പരീക്ഷ പുനഃക്രമീകരിക്കാൻ തയ്യാറാകാത്തത് ഉദ്യോഗാർഥികളിൽ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. അന്ന് മാറ്റിവച്ച പരീക്ഷ ഓഗസ്റ്റ് 22-ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് പ്രതികൂല കാലാവസ്ഥ മൂലം പരീക്ഷ എഴുതാൻ കഴിയാത്തവർക്കും അന്നേ അവസരം നൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

അതേസമയം, സംസ്ഥാനത്താകെ 749 പരീക്ഷാകേന്ദ്രങ്ങളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതിനാൽ പരീക്ഷ മാറ്റിവയ്ക്കാൻ കഴിയില്ലെന്നാണ് പി.എസ്.സി അധികൃതരുടെ വിശദീകരണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User