ആന്ധ്രയിൽ നിന്നും അരിയെത്താൻ നാല് മാസം വേണ്ടിവരും; വില കുറയില്ല

Nov 01, 2022 - 19:52
0
ആന്ധ്രയിൽ നിന്നും അരിയെത്താൻ നാല് മാസം വേണ്ടിവരും; വില കുറയില്ല


ആന്ധ്രയിൽ നിന്ന്  കേരളത്തിന്റെ ആവശ്യത്തിനുള്ള ജയ അരി  എത്താൻ വൈകും. ഇതു സംബന്ധിച്ച് ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുവുമായി മന്ത്രി ജി ആർ അനിൽ നടത്തിയ ചർച്ച ഫലം കണ്ടില്ല. കേരളത്തിന് ആവശ്യമായ അരി സ്റ്റോക്കില്ലാത്തതിനാൽ കർഷകരെക്കൊണ്ട് പുതുതായി വിളയിറക്കി അരി ഉത്പാദിപ്പിക്കാമെന്ന വിചിത്രമായ മറുപടിയാണ് ആന്ധ്ര മന്ത്രി നല്കിയത്. അത് അം​ഗീകരിക്കുകയല്ലാതെ സംസ്ഥാന ഭക്ഷ്യ മന്ത്രിക്കും വഴിയില്ലാതായി.
ഇടനിലക്കാരെ ഒഴിവാക്കി മറ്റ് അരി ഇനങ്ങളും അവശ്യ വസ്തുക്കളും അടിയന്തരമായി എത്തിക്കാൻ ആന്ധ്ര സർക്കാരുമായി കേരളം ധാരണയിലെത്തി. കേരളത്തിന്റെ ആവശ്യം കർഷകരെ ധരിപ്പിച്ച് കൃഷി ഇറക്കി സർക്കാർ മേഖലയിൽ സംഭരിച്ച് ഗാതഗതത്തിന് മാത്രം തുക ഈടാക്കി കേരളത്തിലെത്തിക്കാനാണ് തീരുമാനം. ഇതിനു ചുരുങ്ങിയത് നാല് മാസം പിടിക്കും. പക്ഷേ, ഈ അരി ആര്, എങ്ങനെ സംഭരിക്കും തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല. അതേസമയം, സുലേഖ അടക്കം മറ്റ് അരി ഇനങ്ങളും മുളകും പയറും പരിപ്പും അടക്കം അവശ്യ സാധനങ്ങളും ഇടനിലക്കാരെ ഒഴിവാക്കി എത്തിക്കാൻ ധാരണയായി.
പ്രതിമാസം 3840 മെട്രിക്ക് ടൺ ജയ അരി കേരളത്തിന് വേണം. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം കിലോയ്ക്ക് കൂടിയത് 25 രൂപയാണ്. ആന്ധ്രയിൽ ആവശ്യത്തിന് ജയ അരി സ്റ്റോക്കില്ല. രണ്ട് ലക്ഷം ഹെക്ടറിൽ കൃഷിയിറക്കാനുള്ള വിത്ത് ശേഖരിച്ചിട്ടുണ്ട്. കർഷകർക്ക് താൽപര്യവുമുണ്ട്. പക്ഷെ എഫ്സിഐ നേരിട്ട് ജയ അരി സംഭരിക്കാത്തതാണ് കർഷകർ കൃഷി ഉപേക്ഷിച്ചതിന് കാരണമെന്ന് ആന്ധ്ര ഭക്ഷ്യമന്ത്രി പറഞ്ഞു.
അരിവില ഉയർന്നതോടെ പച്ചക്കറി വിലയും കുത്തനേ കൂടി. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ച് കോൺ​ഗ്രസും യുഡിഎഫും വൻ പ്രക്ഷോഭത്തിന് തയാറെടുക്കുന്നതിനിടയിലാണ് ഭക്ഷ്യമന്ത്രിയുടെ തിടുക്കപ്പെട്ട നടപടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User