വിഴിഞ്ഞം സമരം: ബലപ്രയോ​ഗം പറ്റില്ലെന്നു പൊലീസ് ഹൈക്കോടതിയിൽ

Nov 02, 2022 - 21:54
0
വിഴിഞ്ഞം സമരം: ബലപ്രയോ​ഗം പറ്റില്ലെന്നു പൊലീസ് ഹൈക്കോടതിയിൽ

 ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വിഴിഞ്ഞത്ത് ബലപ്രയോഗം പറ്റില്ലെന്ന് പൊലീസ്  വ്യക്തമാക്കി.  സമരക്കാരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചാൽ രക്തച്ചൊരിച്ചിൽ ഉണ്ടാകും. മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇക്കാരണത്താൽ ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാൻ ആകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. തുറമുഖ സമരവുമായി ബന്ധപ്പെട്ട് സമരക്കാർക്കെതിരെ ഇതുവരെ 102 കേസുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് കോടതിയെ അറിയിച്ചു. തുറമുഖ നിർമാണത്തിന് സംരക്ഷണം നൽകാൻ പരമാവധി ശ്രമം നടത്തുന്നു എന്നും പൊലീസ് വ്യക്തമാക്കി.
അതേ സമയം, വിഴിഞ്ഞം സമരം രാജ്യവിരുദ്ധമെന്ന് മന്ത്രി അബ്ദുറഹിമാൻ. തുറമുഖ നിർമ്മാണം നിർത്തിവെക്കുകയെന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്നമാണ്. ഒരു സർക്കാരിനും അത്തരമൊരു കാര്യം ആവശ്യപ്പെടാനാകില്ല. രാജ്യ താത്പര്യത്തെ എതിർക്കുന്ന സമരം പാടില്ല. വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് തുറമുഖ നിർമ്മാണം നിർത്തിവെച്ചുകൊണ്ടുള്ള പഠനം എന്ന ആവശ്യത്തെയാണ് സർക്കാർ എതിർക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2015ൽ കാരാറിൽ ഏർപ്പെടുന്നതിന് മുമ്പ് തന്നെ എല്ലാ പഠനങ്ങളും നടത്തിയിരുന്നു. ഇപ്പോഴത്തെ സമരസമിതിൽ ഉള്ളവരുടെ തന്നെ അറിവോടെയാണ് കരാറിൽ ഏർപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി ഇതിനോടകം കോടിക്കണക്കിന് രൂപ മുടക്കിക്കഴിഞ്ഞു. ഇതിന് ആര് സമാധാനം പറയും? സമരക്കാർ സമരത്തിൽ നിന്ന് പിന്മാറണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. കോടതിയിൽ നിന്ന് അന്തിമ വിധി വന്നാൽ അതിനനുസരിച്ച് നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മുട്ടത്തറയിൽ മാത്രം 300 വീടുകൾ ഇതിന്റെ ഭാഗമായി നിർമ്മിക്കും. ആകെ 500 വീടുകൾ പണിയും. വിഴിഞ്ഞത്തെ 180 കുടുംബങ്ങൾ സർക്കാർ സഹായം സ്വീകരിച്ച് വാടക വീടുകളിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User