കെഎസ്ആർടിസിക്ക് കൈത്താങ്ങായി വ്യവസായി; ബസ് വാങ്ങാൻ 40 ലക്ഷം രൂപ സംഭാവന, ചെക്ക് ഏറ്റുവാങ്ങി മുഖ്യമന്ത്രി
അങ്കമാലി ഡിപ്പോയിൽ നിന്ന് സർവീസ്; അതിരപ്പിള്ളിയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന റൂട്ടിന് നിർദേശം
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപ സംഭാവന നൽകി വ്യവസായി. അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസാണ് 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയത്. ജോസിന്റെ ഉടമസ്ഥതയിലുള്ള ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനിയുടെ പേരിലാണ് സംഭാവന നൽകിയത്.
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വ്യക്തി ബസ് വാങ്ങുന്നതിനായി നേരിട്ട് തുക സംഭാവന ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോർപറേഷനെ പിന്തുണയ്ക്കാൻ കൂടുതൽ പേർ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
അങ്കമാലി ഡിപ്പോയിൽ നിന്നായിരിക്കും സംഭാവനയായി ലഭിക്കുന്ന ബസിന്റെ സർവീസ് നടത്തുക. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ റൂട്ട് പരിഗണിക്കണമെന്നാണ് ജോസിന്റെ ആവശ്യം.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, കെഎസ്ആർടിസി സിഎംഡി ഡോ. പ്രമോജ് ശങ്കർ എന്നിവർ പങ്കെടുത്തു.
സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് കെഎസ്ആർടിസി ബസ് സ്പോൺസർഷിപ്പിന് അവസരമൊരുക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് ബസുകൾ സ്പോൺസർ ചെയ്യാം. കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചും കെഎസ്ആർടിസിക്ക് ബസുകൾ നൽകാൻ കഴിയും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)