സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ദുർബലം; തിരിച്ചടി വന്നശേഷം മാത്രം പ്രശ്നം തിരിച്ചറിയുന്നു — സംസ്ഥാന സമിതിയിൽ വിമർശനം
പയ്യന്നൂർ തോൽവിയിൽ വിഭാഗീയതയും നേതൃത്വ വീഴ്ചയും ചർച്ചയായി; ഇ.ഡി. നടപടിക്കെതിരെ ദേശീയതല പ്രതിപക്ഷ ഐക്യത്തിന് കേന്ദ്ര നേതൃത്വം ഇടപെടണമെന്ന ആവശ്യം
തിരുവനന്തപുരം: പാർട്ടി നേരിടുന്ന രാഷ്ട്രീയ-സംഘടനാ പ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന് വീഴ്ചയുണ്ടാകുന്നുവെന്ന് വിശാല സംസ്ഥാന സമിതിയിലെ പൊതുചർച്ചയിൽ വിമർശനം. പാർട്ടിക്ക് തിരിച്ചടി നേരിട്ട ശേഷമാണ് പല പ്രശ്നങ്ങളും നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുന്നതെന്നും സെക്രട്ടറിയേറ്റ് കൂടുതൽ ശക്തമായി ഇടപെടേണ്ടതുണ്ടെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഇ.ഡി. നടപടികളെ പ്രതിരോധിക്കാൻ കേന്ദ്ര നേതൃത്വം കൂടുതൽ സജീവമായി ഇടപെടണമെന്ന ആവശ്യവും ചർച്ചയിൽ ഉയർന്നു. പാർട്ടി നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇ.ഡി. നടപടികൾക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ രൂപീകരിക്കണമെന്നും ഇതിനായി കേന്ദ്ര നേതൃത്വം മുൻകൈയെടുത്ത് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കണമെന്നും ആവശ്യമുയർന്നു. പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരായ ഇ.ഡി. നീക്കങ്ങളെ പാർട്ടിക്കെതിരായ നടപടിയായി കണ്ട് സംസ്ഥാനത്തും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന ആവശ്യവും കോഴിക്കോട് നിന്നുള്ള ഗിരീഷ് ഉന്നയിച്ചു.
പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ വിഭാഗീയതയും നിർണായക കാരണമായെന്ന് തോൽവി അന്വേഷിക്കുന്ന അന്വേഷണ കമ്മീഷൻ അംഗം തന്നെ സംസ്ഥാന സമിതിയിൽ വിമർശനം ഉന്നയിച്ചു. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണം പാർട്ടി അണികളിൽ വലിയ രോഷമുണ്ടാക്കിയെന്നും ആ വികാരം ശക്തമാകാൻ വിഭാഗീയ പ്രവർത്തനങ്ങൾ കാരണമായെന്നും വിമർശനമുണ്ടായി. വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ തുടക്കത്തിൽ തന്നെ ശക്തമായ നടപടി സ്വീകരിക്കാത്തത് നേതൃത്വത്തിന്റെ വീഴ്ചയാണെന്നും പ്രതിനിധി പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഈ സാഹചര്യം കുഞ്ഞികൃഷ്ണൻ മുതലെടുത്തുവെന്നും വിഭാഗീയ പ്രവർത്തനത്തിന് തെളിവുകൾ ലഭിച്ച ഘട്ടത്തിൽ ശാസനാ നടപടി മാത്രം സ്വീകരിക്കുന്നതിന് പകരം പുറത്താക്കൽ ഉൾപ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നും വിമർശനമുയർന്നു. ഇതോടെ പയ്യന്നൂരിൽ പാർട്ടിക്കുള്ളിൽ രണ്ട് ചേരികൾ രൂപപ്പെട്ടെന്നും അതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോഴും തുടരുകയാണെന്നും ചർച്ചയിൽ ചൂണ്ടിക്കാട്ടി.
പയ്യന്നൂരിലെ തോൽവി അന്വേഷിക്കുന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പത്ത് ദിവസത്തിനുള്ളിൽ പാർട്ടി കമ്മിറ്റിയിൽ അവതരിപ്പിക്കും. വിശാല ജില്ലാ കമ്മിറ്റി ചേരുന്നതിന് മുമ്പ് പയ്യന്നൂരിലെ സംഘടനാ പ്രശ്നങ്ങളിൽ തിരുത്തൽ നടപടികൾ വേണമെന്ന ആവശ്യവും ഉയർന്നു.
രക്തസാക്ഷി ഫണ്ട് കൈകാര്യം ചെയ്തതിലും കണക്കുകൾ അവതരിപ്പിച്ചതിലും വീഴ്ച സംഭവിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പ്രതിനിധികൾ പറഞ്ഞു. എന്നാൽ ഫണ്ടിൽ ധനാപഹരണം നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കി. ടി.ഐ. മധുസൂദനനെതിരെ ചില നേതാക്കൾ രഹസ്യനീക്കം നടത്തിയെന്നും രാമന്തളി ഉൾപ്പെടെയുള്ള ലോക്കൽ തലത്തിൽ ചിലർ അദ്ദേഹത്തിനെതിരെ വാട്സ്ആപ്പ് പ്രചാരണം നടത്തിയെന്നും ആരോപണമുയർന്നു.
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏരിയാ കമ്മിറ്റിക്കും വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തൽ. വി. കുഞ്ഞികൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തെ പാർട്ടി നേതൃത്വം വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി മത്സരരംഗത്തുണ്ടാകുന്നത് തങ്ങൾക്ക് ഗുണകരമാകുമെന്ന തരത്തിൽ പോലും ചിലർ വിലയിരുത്തിയെന്നും വിമർശനം ഉയർന്നു. വോട്ട് ചോർച്ചയുടെ യഥാർഥ കാരണം കൃത്യമായി തിരിച്ചറിയുന്നതിലും ഏരിയാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചു.
പാർട്ടിയിൽ തിരുത്തൽ ആവശ്യമായ എല്ലാ തലങ്ങളിലും തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു കണ്ണൂർ പ്രതിനിധിയുടെ ആവശ്യം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)