തിരുത്തലുകൾ പറഞ്ഞ് സിപിഎം; ആദ്യം തിരുത്തേണ്ടത് ടി.പി. വധത്തിലെ തെറ്റല്ലേ?
പാർട്ടിയിലെ തെറ്റുകൾ തിരുത്തുമെന്നും ആർഭാടം ഒഴിവാക്കുമെന്നും സിപിഎം പ്രഖ്യാപിക്കുമ്പോൾ, ടി.പി. ചന്ദ്രശേഖരന്റെ വധത്തിലെ തെറ്റ് പരസ്യമായി ഏറ്റുപറയാൻ പാർട്ടി തയ്യാറാകുമോ എന്ന ചോദ്യവുമായി കെ.കെ. രമയും മനു തോമസും രംഗത്ത്.
സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം കഴിഞ്ഞ് നേതാക്കൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ വലിയ മാറ്റങ്ങളുടെയും തിരുത്തലുകളുടെയും വാർത്തകളാണ് പുറത്തുവരുന്നത്. ഇനിമുതൽ പാർട്ടിയിൽ തെറ്റുകളൊക്കെ തിരുത്തും, സാധാരണക്കാരോട് വളരെ സ്നേഹത്തോടെയും മാന്യതയോടെയും പെരുമാറും, ആർഭാട ജീവിതമൊക്കെ പൂർണ്ണമായി ഒഴിവാക്കും എന്നൊക്കെയാണ് നേതാക്കൾ മാധ്യമങ്ങളോട് പറയുന്നത്. എന്നാൽ ഈ യോഗം നടന്ന രീതി തന്നെയാണ് ഏറെ കൗതുകമുണർത്തുന്നത്. പുറത്തുനിൽക്കുന്ന മാധ്യമപ്രവർത്തകർക്ക് അകത്തു നടക്കുന്ന ചർച്ചകളുടെ യാതൊരു വിവരങ്ങളും ചോർന്നു കിട്ടാതിരിക്കാൻ ഹാളിലെ ഗേറ്റുകളൊക്കെ കൊട്ടിയടച്ച്, വലിയ ശബ്ദത്തിൽ പാട്ടുകളൊക്കെ വെച്ചായിരുന്നു ഈ യോഗം സംഘടിപ്പിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞത് 'നമ്മൾ എങ്ങനെ നമ്മളായി എന്ന് ഓർക്കണം' എന്നാണ്. എന്നാൽ പണ്ട് പാർട്ടിക്കെതിരെ സംസാരിച്ചവരെയും വേറിട്ട വഴിയിലൂടെ നടന്നവരെയും എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ഓർക്കാതെ എങ്ങനെയാണ് പുതിയൊരു തിരുത്തലിലേക്ക് പോവുക എന്ന ചോദ്യമാണ് ഇപ്പോൾ പൊതുസമൂഹത്തിൽ ഉയരുന്നത്...
അവിടെയാണ് വടകര എംഎൽഎ കൂടിയായ കെ കെ രമ ഉന്നയിച്ച ചോദ്യത്തിന് വലിയ പ്രസക്തിയേറുന്നത്. നിങ്ങൾ പാർട്ടിയിൽ എന്തൊക്കെ തിരുത്തലുകൾ വരുത്തിയാലും, ആദ്യം തിരുത്തേണ്ടത് ടി പി ചന്ദ്രശേഖരന്റെ കാര്യത്തിൽ വരുത്തിയ ആ വലിയ തെറ്റല്ലേ എന്നാണ് കെ കെ രമ ചോദിക്കുന്നത്. പാർട്ടിയിലെ അഴിമതികൾക്കും തെറ്റായ നിലപാടുകൾക്കുമെതിരെ ശക്തമായി ശബ്ദമുയർത്തി എന്ന ഒരൊറ്റ കാരണത്താലാണ് കോഴിക്കോട് വെച്ച് ടി പി ചന്ദ്രശേഖരൻ ദാരുണമായി കൊല്ലപ്പെട്ടത്. ആ നിഷ്ഠൂര കൊലപാതകത്തെക്കുറിച്ച് പാർട്ടി ഇനിയെങ്കിലും പരസ്യമായി തെറ്റ് ഏറ്റുപറയുമോ എന്നാണ് രമ ചോദിക്കുന്നത്. കെ കെ രമ ഉന്നയിച്ച ഈ ചോദ്യത്തിന് പൂർണ്ണ പിന്തുണയുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസും രംഗത്തെത്തിയിട്ടുണ്ട്. ലെനിനും ഇ എം എസിനും വരെ ജീവിതത്തിൽ തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും അത് ഏറ്റുപറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്ന എം എ ബേബിയെപ്പോലുള്ള മുതിർന്ന നേതാക്കൾക്ക്, ടി പി ചന്ദ്രശേഖരന്റെ കാര്യത്തിൽ അന്ന് സംഭവിച്ചത് വലിയൊരു തെറ്റായിരുന്നു എന്ന് പരസ്യമായി സമ്മതിക്കാൻ എന്തുകൊണ്ടാണ് സാധിക്കാത്തത് എന്നാണ് ഇരുവരും ചോദിക്കുന്നത്. പണ്ട് വി എസ് അച്യുതാനന്ദൻ ധൈര്യത്തോടെ പറഞ്ഞതുപോലെ 'ടി പി ഉത്തമനായ ഒരു കമ്മ്യൂണിസ്റ്റായിരുന്നു' എന്ന് ഒരു വരി പറയാനുള്ള രാഷ്ട്രീയ മര്യാദയെങ്കിലും പാർട്ടി കാണിക്കേണ്ടതല്ലേ?..ഇത്തരം വലിയ കൊലപാതകങ്ങളും അതിന് പിന്നിലെ സത്യങ്ങളും മൂടിവെച്ചിരിക്കുന്ന റിപ്പോർട്ടുകളും ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കാതെ, പെട്ടെന്നൊരു ദിവസം ജനങ്ങളുടെ മുന്നിൽ വലിയ നല്ലവരായി കാണിക്കാൻ വേണ്ടി 'ഞങ്ങൾ ആർഭാടം കുറയ്ക്കാം, എല്ലാവരോടും സ്നേഹത്തോടെ പെരുമാറാം' എന്ന് പറയുന്നത് വെറും കാണിക്കൂട്ട നാടകമല്ലേ എന്നാണ് ആളുകൾ ന്യായമായും ചോദിക്കുന്നത്. തങ്ങൾക്ക് സംഭവിച്ച വലിയ വീഴ്ചകളും തെറ്റുകളും തുറന്നുപറഞ്ഞ് തിരുത്താൻ തയ്യാറാകാതെ, അടച്ചിട്ട മുറികൾക്കുള്ളിൽ യോഗം ചേർന്നതുകൊണ്ടോ ചില പ്രഖ്യാപനങ്ങൾ നടത്തിയതുകൊണ്ടോ ജനങ്ങളുടെ മനസ്സിലുള്ള സംശയങ്ങളും ചോദ്യങ്ങളും ഇല്ലാതാകില്ല. ടി പി ചന്ദ്രശേഖരന്റെ വിഷയത്തിൽ സംഭവിച്ച ചരിത്രപരമായ തെറ്റ് പരസ്യമായി ഏറ്റുപറയാൻ ധൈര്യമില്ലാത്തവർ നടത്തുന്ന ഈ പ്രഹസനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ പൊതുസമൂഹത്തിന് കഴിയില്ല...
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)